വൈക്കം : സ്‌നേഹിത കോളിംഗ് ബെൽ പദ്ധതിക്ക് വൈക്കം നഗരസഭയിൽ തുടക്കമായി. ഒന്നാം വാർഡിൽ കറുകപ്പറമ്പിൽ വീട്ടിൽ നടന്ന ചടങ്ങ് സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് സുരക്ഷയും മാനസിക പിന്തുണയും ഉറപ്പാക്കാൻ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈക്കം നഗരസഭയിലെ 26 വാർഡുകളിലുമായി 256 പേരെ കുടുംബശ്രീ സർവേ നടത്തി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ വാരാചരണത്തിന്റെ ഭാഗമായി ജനപ്രതിനിധികൾ, സ്‌നേഹിത പ്രവർത്തകർ, കുടുബശ്രീ, അയൽക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ ഭവന സന്ദർശനം നടത്തി. ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ രോഹിണികുട്ടി അയ്യപ്പൻ, സി.ഡി.എസ് ചെയർപേഴ്‌സൺ വത്സല, സ്‌നേഹിത കൗൺസിലർ കെ.കെ ഉണ്ണിമോൾ, സ്‌നേഹിത സർവീസ് പ്രോവൈഡർ പി.എസ് ജെസ്‌ന തുടങ്ങിയവർ പങ്കെടുത്തു.