പൊൻകുന്നം : സബ് ട്രഷറിക്കായി മിനിസിവിൽ സ്റ്റേഷനിൽ അനുവദിച്ച മുറികളിൽ നിർമ്മാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായിട്ടും ഓഫീസ് മാറ്റം നടക്കുന്നില്ല. ഫർണീച്ചറും ഫയലുകളും മറ്റും പുതിയ ഓഫീസിലേക്ക് മാറ്റുന്നതിനുള്ള കയറ്റിറക്ക് കൂലിസംബന്ധച്ച തീരുമാനം വൈകുന്നതാണ് തടസം. കാഞ്ഞിരപ്പള്ളി ലേബർ ഓഫീസിൽ നിന്നാണ് കൂലി നിശ്ചയിച്ചു നൽകേണ്ടത്. കഴിഞ്ഞദിവസം എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെന്നും മറുപടി ലഭിച്ചാലുടൻ തുടർനടപടികൾ ആരംഭിക്കുമെന്നും സബ് ട്രഷറി ജൂനിയർ സൂപ്രണ്ട് അദാലത്ത് കോടതിയെ അറിയിച്ചു. എച്ച്.അബ്ദുൾ അസീസ് നൽകിയ പൊതുതാത്പര്യ ബർജിയിൽ കേസ് ജനുവരി 1 ലേക്ക് മാറ്റി.

വാടകയായി 5420 രൂപ

ഇപ്പോൾ 5420 രൂപ വാടക നിരക്കിൽ സ്വകാര്യ കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നരവർഷമായി. താലൂക്കിലെ പ്രധാനപ്പെട്ട 9 സർക്കാർ ഓഫീസുകൾക്കാണ് ഇവിടെ സൗകര്യം ഒരുക്കിയിട്ടുള്ളത്. സബ് ട്രഷറിയും, ജോ.ആർ.ടി ഓഫീസുമാണ് ഇനി മിനി സിവിൽസ്റ്റേഷനിലേക്ക് മാറാനുള്ളത്. ജോ.ആർ.ടി.ഓഫീസും ഫർണിഷിംഗ് അടക്കം എല്ലാ നിർമ്മാണപ്രവർത്തനങ്ങളും പൂർത്തിയായിട്ട് മാസങ്ങളായി. അഞ്ചു കമ്പ്യൂട്ടറുകളും രണ്ട് പ്രിന്ററും ലഭിച്ചാൽ ഓഫീസ് സിവിൽ സ്റ്റേഷനിലേക്ക് മാറി പ്രവർത്തനം നടത്താൻ കഴിയും. അതു നൽകേണ്ടത് ആർ.ടി.ഒയാണ്. അപേക്ഷ നൽകി കാത്തിരിപ്പു തുടങ്ങിയിട്ട് ഒരു വർഷമായി.

ഫണ്ട് അനുവദിച്ചില്ലെന്ന്

കമ്പ്യൂട്ടർ വാങ്ങാൻ അനുമതി ആയെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് ആർ.ടി.ഓഫീസിൽ നിന്നുള്ള വിശദീകരണം. അട്ടിക്കവലയിലുള്ള വാടക കെട്ടിടത്തിലാണ് ജോ.ആർ.ടി ഓഫീസ് പ്രവർത്തിക്കുന്നത്. 2018 നവംബർ മുതൽ കെട്ടിടത്തിന്റെ വാടക പി.ഡബ്ല്യു.ഡി തടഞ്ഞിരിക്കുകയാണ്.