കോട്ടയം : പനച്ചിക്കാട് പഞ്ചായത്തിൽ തരിശുകിടന്ന് കാടുകയറിയ മുഴുവൻ പാടത്തും ഡിസംബർ അവസാന വാരം വിത്ത് വിതയ്ക്കും. 2015-16 വർഷം 80 ഹെക്ടർ മാത്രമായിരുന്ന പഞ്ചായത്തിലെ നെൽകൃഷി ഇതുവരെ 400 ഹെക്ടറായി.

കൃഷിയോഗ്യമല്ലാത്ത മുരിക്കുംമൂല ഭാഗത്തെ 9 ഏക്കർ ഒഴിച്ച് ബാക്കി പാടങ്ങൾ കൃഷി ചെയ്യുന്നതിലൂടെ തരിശുരഹിത പഞ്ചായത്താകാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ.സുനിൽ കുമാർ പറഞ്ഞു.

ആദ്യഘട്ടത്തിൽ ഹരിതകേരളം മിഷൻ, ജനകീയ സമിതി എന്നിവയുടെ സഹകരണത്തോടെ തോടുകൾ വൃത്തിയാക്കി. കൊടൂരാറിന്റെ ഉപതോടായ കാടൻചിറ കൊട്ടി മൂലത്തോട് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചു കൃഷിയോഗ്യമാക്കി.
കൃഷിയ്ക്ക് ആവശ്യമായ വൈദ്യുതിയും വിതയ്ക്കാനുള്ള വിത്തും പഞ്ചായത്ത് കർഷകർക്ക് സൗജന്യമായാണ് നൽകുന്നത്. ഉമ വിത്തിനമാണ് വിതയ്ക്കുന്നത്. സമഗ്ര നെൽകൃഷി വികസന പദ്ധതിയിൽ തരിശ് കൃഷി ചെയ്യുന്ന കർഷകന് ഹെക്ടറിന് 5500 രൂപ വീതം സബ്‌സിഡിയിനത്തിൽ നൽകും. ഉഴവു കൂലിയും പഞ്ചായത്ത് സൗജന്യമായാണ് നൽകുന്നത്.

തരിശുകൃഷി ചെയ്യുന്നത്
പാത്താമുട്ടം മാളികക്കടവ് :10 ഹെക്ടർ

പാത്താമുട്ടം പള്ളിയിൽ കടവ് : 8 ഹെക്ടർ

പാടൻചിറ തൊട്ടിമൂല : 14.8 ഹെക്ടർ

ചാമക്കരി പുറത്തേക്കരി : 20 ഹെക്ടർ

കല്ലുങ്കൽകടവ് പടിഞ്ഞാറ് : 10 ഹെക്ടർ

പുന്നയ്ക്കൽ പടിഞ്ഞാറ് കരയരിക് : 10 ഹെക്ടർ

ചാന്നാനിക്കാട് : 40 ഹെക്ടർ

വീപ്പനടി : 14.4ഹെക്ടർ

കുഴിമറ്റം : 8 ഹെക്ടർ

നെൽക്കൃഷി പ്രോത്സാഹനം

നെൽകൃഷി പ്രോത്സാഹനത്തിനായി ഈ വർഷം ഗ്രാമപഞ്ചായത്ത് ഫണ്ടിൽ 21.70 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൃഷിയുടെ രണ്ടാംഘട്ടത്തിൽ തൊഴിലുറപ്പ് അംഗങ്ങളുടെ സഹകരണത്തോടെ പുറംബണ്ട് നിർമ്മാണം, കയർ ഭൂവസ്ത്രം വിരിക്കൽ എന്നിവ നടത്തും.