കോട്ടയം : ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണത്തിൽ പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ പറഞ്ഞു. ഏറ്റുമാനൂർ സാൻജോസ് വിദ്യാലയത്തിൽ സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നർവഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കുട്ടികളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ പ്രയത്‌നിക്കുന്ന സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരുടെ സേവനം മഹത്തരമാണെന്നും അദ്ദേഹം വിലയിരുത്തി. തിരുവനന്തപുരത്തെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡിന്റെയും എസ്.സി.ഇ.ആർ.ടിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഏറ്റുമാനൂർ എ.ഇ.ഒ കെ.ബാലചന്ദ്രൻ, റിസോർസ് പേഴ്‌സൺമാരായ ആർ രഞ്ജിത്ത്, ദീപു ജോൺ, ഷാജു സെബാസ്റ്റ്യൻ, ഡയറ്റ് അദ്ധ്യാപിക സ്മിത ശങ്കർ, സ്‌പെഷ്യൽ സ്‌കൂൾ ജില്ലാ കോ-ഓർഡിനേറ്റർ സിസ്റ്റർ ഫ്‌ളവർ ജോസ്, സാൻജോസ് സ്‌കൂൾ പ്രധാനദ്ധ്യാപിക സിസ്റ്റർ അനുപമ തുടങ്ങിയവർ പങ്കെടുത്തു.