അടിമാലി: അടിമാലി വൈദ്യുതി സെക്ഷന്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ഓരോ ദിവസവും സെക്ഷന് കീഴിലെ ഉപഭോക്താക്കളുടെ എണ്ണം ഏറി വരികയാണ്. മറ്റു സെക്ഷനുകളില്‍ ശരാശരി 15,000 ഉപഭോക്താക്കള്‍ ഉള്ളപ്പോള്‍ അടിമാലി സെക്ഷനില്‍ മാത്രം 29,000 ഉപഭോക്താക്കളുള്ളതായാണ് കണക്ക്. നൂറ്റമ്പതോളം ചതുരശ്ര കിലോമീറ്ററില്‍ പരന്ന് കിടക്കുന്നതാണ് അടിമാലി വൈദ്യുതി സെക്ഷന്‍. ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ല. വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള ജിവനക്കാര്‍ നെട്ടോട്ടമോടുകയാണ്. വിസ്തൃതമായ അടിമാലി പഞ്ചായത്തിന് പുറമെ വെള്ളത്തൂവല്‍ പഞ്ചായത്തും അടിമാലി സെക്ഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടിമാലി സെക്ഷന്‍ വിഭജിക്കണമെന്നും വാളറ കേന്ദ്രമാക്കി പുതിയ സെക്ഷന്‍ ആരംഭിക്കണമെന്നുമുള്ള ആവശ്യമുയര്‍ന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. വാളറയില്‍ ദേവിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ ഉദ്ഘാടന വേളയില്‍ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് മാങ്കുളത്തും വാളറയിലും വൈദ്യുതി ഓഫീസ് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വാളറയില്‍ സെക്ഷന്‍ പ്രവര്‍ത്തിക്കാനാവശ്യമായ സ്ഥലവും സൗകര്യങ്ങളും ലഭ്യമാണെങ്കിലും ബോര്‍ഡ് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.