വൈക്കം: പ്രാദേശിക പത്രപ്രവർത്തകരെ ഉചിതമായ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള ജേർണലിസ്റ്റ് യൂണിയൻ നൽകിയ നിവേദനത്തിന്റെ നടപടികൾ അടിയന്തിരമായി പ്രാവർത്തികമാക്കണമെന്ന് കേരളജേർണലിസ്റ്റ് യൂണിയൻ വൈക്കം മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ദീർഘകാലമായുള്ള സമരങ്ങൾക്കും നിവേദനങ്ങൾക്കും ശേഷമാണ് പ്രാദേശിക പത്രലേഖകരെ ഉചിതമായ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടാകാത്തത് ആശങ്കാജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ.ജെ.യൂ സംസ്ഥാന സമിതിയംഗം പി.ബി തമ്പി മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.അനിൽ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. ഐ.ജെ.യൂ ദേശീയ സമിതിയംഗം ആഷിക് മണിയംകുളം ഐ.ഡി കാർഡ് വിതരണം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജി ഹരിദാസ്, സെക്രട്ടറി പി.ഷൺമുഖൻ, ട്രഷറർ പി.ജോൺസൺ, ഷൈജു തെക്കുംചേരിൽ, അബ്ദുൾ ആപ്പാഞ്ചിറ, സന്തോഷ് ശർമ്മ എന്നിവർ പ്രസംഗിച്ചു. വ്യാപാര ഭവനിൽ നടന്ന കൺവെൻഷനിൽ ഡി.ഷൈമോൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കമ്മിറ്റി പ്രസിഡന്റായി സുഭാഷ് ഗോപി, സെക്രട്ടറിയായി ഡി.ഷൈമോൻ, കെ.കെ ജയകുമാർ (വൈസ് പ്രസിഡന്റ്), വി.വി സുനിൽ (ജോയിന്റ് സെക്രട്ടറി), രാജ് മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.