വൈക്കം: വൈക്കപ്രയാർ തോട്ടാറമിറ്റം മഹാദേവീക്ഷേത്രത്തിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുവാനുള്ള ഗുരുദേവവിഗ്രഹ നിർമ്മാണത്തിനായുള്ള പഞ്ചലോഹങ്ങളുടെയും ദ്രവ്യങ്ങളുടെയും സമർപ്പണം എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. ഭക്തജനങ്ങൾ വഴിപാടായി നൽകിയ സ്വർണ്ണം, വെള്ളി, മറ്റുദ്രവ്യങ്ങൾ എന്നിവ വെള്ളിയാഴ്ച രാവിലെ ക്ഷേത്രനടയിൽ സമർപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് വി. വി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി കണ്ണൻ മുഖ്യകാർമ്മികനായി. ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനുള്ള താഴികക്കുടം ജീന മോൾ വഴിപാടായി സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ടി. വി. പരമേശ്വരൻ, സെക്രട്ടറി എൻ. എം. രവീന്ദ്രൻ, ടി. കെ. ബാബു, പ്രദീപ്, വി. രവീന്ദ്രൻ, കെ. രാമചന്ദ്രൻ, മഞ്ജു, അനിൽകുമാർ, ശോഭന, ലൈല എന്നിവർ പങ്കെടുത്തു.