vkm-deeravasaba

വൈക്കം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പുതിയ നിയമങ്ങളും നിലപാടുകളും കടലോര കായലോര മത്സ്യതൊഴിലാളികളുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കുകയാണെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ പറഞ്ഞു. ധീവരസഭ കോട്ടയം ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായൽ പ്രദേശം അടച്ചുകെട്ടി മത്സ്യം വളർത്തുവാനുള്ള തീരുമാനം കായലിന്റെ പരിസ്ഥിതിയെ ബാധിക്കുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളുടെ ഭവനനിർമ്മാണം ഫിഷറീസ് വകുപ്പിലൂടെ നടപ്പാക്കണമെന്നും, മത്സ്യതൊഴിലാളി വനിതകൾക്ക് ക്ഷേമനിധി അംഗത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യസംഘങ്ങളിലൂടെ വനിതകൾക്ക് നൽകുന്ന വായ്പകൾക്ക് ക്ഷേമനിധി അംഗത്വം നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ. രാജു, സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ. കെ. അശോക് കുമാർ, ഭൈമി വിജയൻ, കെ. വി. മനോഹരൻ, വി. എം. ഷാജി, കെ. എസ്. കുമാരൻ, സുലഭ പ്രദീപ്, സൗമ്യ ഷിബു എന്നിവർ പ്രസംഗിച്ചു.