അടിമാലി: കഴിഞ്ഞ മാസം പത്തിന് മരിച്ച അടിമാലി അക്കാമ്മ കോളനി സ്വദേശി പുത്തൻപുരയ്ക്കൽ ബിനുവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ നടപടി വേണമെന്ന് കെ.പി.എം.എസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ബിനുവിന്റെ മരണം കൊലപാതകമാണെന്ന കാര്യത്തിൽ തങ്ങൾക്ക് സംശയമില്ലെന്നും മരണവുമായി ബന്ധപ്പെട്ട സാഹചര്യ തെളിവുകൾ പോലും പൊലീസ് മുഖവിലയ്ക്കെടുക്കാൻ തയ്യാറായിട്ടില്ല. ബിനു ആത്മഹത്യ ചെയ്തതായി കരുതുന്നില്ലെന്ന് ബിനുവിന്റെ കുടുംബാംഗങ്ങളും പറഞ്ഞു. ഭർത്താവിന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ തയ്യാറാവണമെന്ന് ബിനുവിന്റെ ഭാര്യ രമ്യ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകാനാണ് കെ.പി.എം.എസിന്റെയും ബിനുവിന്റെ കുടുംബാംഗങ്ങളുടെയും തീരുമാനം. ഇതിന് മുന്നോടിയായി ഞായറാഴ്ച ചാറ്റുപാറയിൽ ആക്ഷൻ കൗൺസിലിന് രൂപം നൽകുമെന്നും കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. രാജൻ, ബിനു കുടുംബ സഹായ നിധി ഭാരവാഹികളായ കെ.കെ. സതീശൻ, സുനിൽ മലയിൽ, എൻ.കെ. പ്രദീപ് എന്നിവർ അറിയിച്ചു.