മുണ്ടക്കയം : ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത വിദ്യാലയത്തിന്റെ ധനശേഖരണാർത്ഥം ശ്രീനാരായണഗുരുദേവൻ പീരുമേട് സന്ദർശിച്ചതിന്റെ നൂറാം വാർഷികാചരണവും, കുമാരനാശാൻ രചിച്ച 'ദീപാർപ്പണം' പ്രാർത്ഥനാഗീതത്തിന്റെ രചനാശതാബ്ദിയും എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ 'ഗുരുസ്മൃതിപഥം' എന്നപേരിൽ ആഘോഷിക്കുന്നു. മുണ്ടക്കയം ശാഖ ഗുരുദേവപുരം ശ്രീനാരായണനഗറിൽ 15 ന് രാവിലെ 9 മുതൽ ദീപാർപ്പണം ആലാപനമത്സരവും ഉച്ചകഴിഞ്ഞ് 3 ന് ഗുരുസ്മൃതിപഥം സമ്മേളനവും നടക്കും. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേൽ സ്മൃതിപഥം സന്ദേശവും, കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി കുമാരനാശാൻ അനുസ്മരണവും, കേരളകൗമുദി ലേഖകൻ പി.എസ്. സോമനാഥൻ ഗുരുദേവന്റെ ഹൈറേഞ്ച് യാത്ര അനുസ്മരണ പ്രഭാഷണവും നടത്തും. യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ ദീപാർപ്പണം മത്സരവിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. യോഗം ബോർഡ് മെമ്പർമാരായ ഡോ.പി.അനിയൻ, ഷാജി ഷാസ്, ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം സ്ഥാന വൈസ് പ്രസിഡന്റ് അനിത ഷാജി തുടങ്ങിയവർ പ്രസംഗിക്കും.