പൊൻകുന്നം : ഗതാഗതക്കുരുക്കിന് പരിഹാരമായി പൊൻകുന്നം നഗരത്തിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. നോപാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചയിടങ്ങളിൽ വാഹനം നിറുത്തിയിട്ടാൽ നാളെ മുതൽ പിഴയീടാക്കും. പൊൻകുന്നം പോലീസ്, ചിറക്കടവ് ഗ്രാമപഞ്ചായത്ത്, ആർ.ടി ഓഫീസ്, മർച്ചന്റ്‌സ് അസോസിയേഷൻ, വിവിധ സംഘടനകൾ എന്നിവർ കൂടിയാലോചിച്ചാണ് പാർക്കിംഗ് നിയന്ത്രണ മേഖല നിശ്ചയിച്ചത്. പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ കിഴക്കോട്ട് കെ.വി.എം.എസ് കവല വരെ നിയന്ത്രണബോർഡ് സ്ഥാപിച്ച ഇടങ്ങളുടെ മുപ്പതുമീറ്റർ ചുറ്റളവിൽ വാഹനങ്ങൾ നിറുത്തിയിടാൻ പാടില്ല. സ്റ്റാൻഡിന്റെ ഇരുവശത്തെ റോഡുകളിലും സീബ്രാലൈൻ പരിസരത്തും ട്രാഫിക് കവലയിലും പാർക്കിംഗ് അനുവദിക്കില്ല. പി.പി.റോഡിൽ കെ.എസ്.ആർ.ടി.സി കവലമുതൽ നിയന്ത്രണബോർഡുള്ളിടത്ത് മുപ്പതുമീറ്റർ ചുറ്റളവിൽ വാഹനങ്ങൾ നിറുത്തിയിടരുത്. പഴയചന്തയിലും ചിറക്കടവ് റോഡിൽ മുസ്ലിംപള്ളിക്ക് എതിർവശം പാർക്കിംഗ് മൈതാനത്തിന്റെ ഭാഗം വരെയും പാർക്കിംഗ് അനുവദിക്കില്ല. കെ.വി.എം.എസ് കവലയിൽ ശബരിമല തീർത്ഥാടക വാഹനങ്ങളുടെ തിരക്ക് പരിഗണിച്ച് ബസ് സ്റ്റോപ്പ് കുറച്ചുദൂരത്തേക്ക് താത്ക്കാലികമായി മാറ്റി.