പാലാ : രാമപുരം ഗ്രാമപഞ്ചായത്തിൽ കേരള കോൺഗ്രസ് അംഗമായ പ്രസിഡന്റ് ബൈജു ജോൺ ഭരണത്തിൽ തുടരുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇന്നലെ വൈകിട്ട് ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനമായി. രണ്ടാഴ്ചയ്ക്കുള്ളിൽ ഡി.സി.സി നേതൃത്വം ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് യോഗത്തിൽ പങ്കെടുത്ത ഡി.സി.സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനവും, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മോളിപീറ്ററും, ഡി.സി.സി സെക്രട്ടറി സി.ടി.രാജനും, മണ്ഡലം പ്രസിഡന്റ് ഡി.പ്രസാദും പ്രവർത്തകർക്ക് ഉറപ്പു നൽകി.
ഡി.സി.സി ഇടപെട്ടിട്ടും പ്രശ്‌ന പരിഹാരമുണ്ടാക്കാത്ത പക്ഷം ജനുവരി 1 മുതൽ ബൈജുവിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിക്കും. തുടർന്ന് പ്രതിപക്ഷമായി പ്രവർത്തിക്കും. അടുത്ത തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ഒഴിവാക്കി മത്സരിക്കാനുള്ള കടുത്ത നീക്കവും കോൺഗ്രസിന്റെ ആലോചനയിലുണ്ട്. കോൺഗ്രസിന്റെ രണ്ട് പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെ വാർഡ് നേതാക്കൾ വരെ യോഗത്തിൽ പങ്കെടുത്തു.