manimalayar

കാഞ്ഞിരപ്പള്ളി : മണിമലയാർ ശുചീകരണയജ്ഞവും പുഴയോര വനവത്കരണ പരിപാടിയും മണിമല പഴയിടം ചെക്ക് ഡാമിന് സമീപം ഡോ.എൻ ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ, സാമൂഹ്യ വനവത്കരണ വിഭാഗം, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസ് (ടൈസ്) എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പുഴയോര വനം പുന:രുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി 500 ലധികം മുളയും നീർമരുതും നട്ടുപിടിപ്പിച്ചു. പ്രളയാനന്തരം മണിമലയാറിൽ പലയിടങ്ങളിലും അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വരും ദിവസങ്ങളിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നീക്കം ചെയ്യും.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി, ബി.ഡി.ഒ എൻ.രാജേഷ്, വനം വകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ ഡോ.ജി.പ്രസാദ്, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.രമേശ്, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി സെബാസ്റ്റ്യൻ, ഡോ.പുന്നൻ കുര്യൻ, എം.റിബിൻഷാ, ഹരിത കേരളം കാഞ്ഞിരപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ വിപിൻ രാജു, കാഞ്ഞിരപ്പള്ളി ഇറിഗേഷൻ മേജർ വിഭാഗം എ.ഇ നിഷാദാസ്, അദ്ധ്യാപകർ, സെന്റ് ഡൊമിനിക്‌സ് കോളേജ് എൻ.എസ്.എസ് വോളന്റിയർമാർ, പ്രോഗ്രാം ഓഫീസർ പ്രൊഫ: മേരി തുടങ്ങിയവർ പങ്കെടുത്തു.