കോട്ടയം: തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൽ 13ന് പ്രാർത്ഥനായജ്ഞം നടത്തും. യാക്കോബായ ഓർത്തഡോക്‌സ് സഭകളിൽ ശാശ്വത സമാധാനം ഉണ്ടാകണമെന്നാഗ്രഹിക്കുന്ന സഭാമക്കൾക്കും വിവിധ സഭകളിൽനിന്നുള്ള വിശ്വാസികൾക്കും തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ ഒന്നിച്ചുചേർന്ന് പ്രാർത്ഥിക്കുന്നതിനാണ് പ്രാർത്ഥനായജ്ഞം. സഭകളിലെ തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ ദൈവീകമായ ഇടപെടലുകളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകുന്നതിനായിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്‌സിനോസ് പറഞ്ഞു.

13ന് രാവിലെ ഒൻപതുമുതൽ നാലുമണിവരെ നടക്കുന്ന പ്രാർത്ഥനാ യജ്ഞത്തിൽ അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമനിക്ക് വാളൻമനാൽ ധ്യാനശുശ്രൂഷ നയിക്കും. തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്‌സിനോസ്, പാത്രിയർക്കീസ് ബാവായുടെ മുൻ സെക്രട്ടറി മാത്യൂസ് മോർ തീമോത്തിയോസ് എന്നിവർ ആത്മീയ നേതൃത്വം നൽകും. യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് പ്രാർത്ഥനായജ്ഞം ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് സമാപന സന്ദേശം നൽകും.