കോട്ടയം: ലോകപ്രസിദ്ധമായ മറയൂർ ശർക്കരയുടെ ഉല്പാദനം കുറഞ്ഞതോടെ കരിമ്പിൻ തോട്ടങ്ങൾ സംരക്ഷിക്കാൻ സർക്കാർ നടപടിയുമായി മുന്നോട്ട്. എങ്ങനെയും കരിമ്പ് കൃഷി നിലനിർത്താനും കൂടുതൽ പാടങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് കൃഷിവകുപ്പിന്റെ ആലോചന. ഇതിന്റെ ആദ്യപടിയായി മറയൂർ ശർക്കരയുടെ പൈതൃകം സംരക്ഷിക്കുന്നതിന് ഭൗമസൂചിക പദവി മാസങ്ങൾക്ക് മുമ്പ് നല്കിയിരുന്നു. കരിമ്പ് കൃഷി നഷ്ടത്തിലായതോടെ കർഷകർ മറ്റ് കൃഷികളിലേക്ക് മാറിയിരുന്നു. ഇതോടെ ശർക്കരയുടെ ഉല്പാദനം കൂപ്പുകുത്തി. ഈ സാഹചര്യത്തിലാണ് കരിമ്പ് കൃഷി വ്യാപകമാക്കാൻ കൃഷിവകുപ്പ് നടപടികളുമായി എത്തിയത്.

കരിമ്പുകൃഷി നഷ്ടത്തിലായതോടെ കരിമ്പ് പാടങ്ങൾ കർഷകർ തുണ്ടു തുണ്ടായി വില്ക്കാനും തുടങ്ങി. ഇതിന് തടയിടാനാണ് സർക്കാരിന്റെ ആദ്യ നടപടി. പാടങ്ങൾ ഫ്ലോട്ടുകളാക്കി വിൽക്കുന്നത് തടയുന്നതിന് വിജ്ഞാപനം നടത്താനാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സബ് കളക്ടറുടെ മുൻകൂർ അനുമതിയോടെ മാത്രമേ മറയൂരിൽ ഭൂമി രജിസ്ട്രേഷൻ നടത്താവുവെന്ന് വിജ്ഞാപനത്തിന് മുന്നോടിയായി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നല്കിക്കഴിഞ്ഞു.

മറയൂരിൽ ശർക്കര നിർമ്മാണത്തിന് ആവശ്യമായ കരിമ്പിന്റെ ലഭ്യത ഉറപ്പുവരുത്താൻ തനത് കൃഷിക്കൊപ്പം കരിമ്പുകൂടി കൃഷികൂടി ചെയ്യണമെന്ന ശുപാർശയാണ് സർക്കാർ പരിഗണിക്കുന്നത്. കേരള ഭൂ വിനിയോഗ ഉത്തരവ് 1967വകുപ്പുപ്രകാരം ഇതിനുള്ള അധികാരം സർക്കാരിനുണ്ട്. ഒരു പ്രദേശത്തെ ഭക്ഷ്യവിളകളുടെ ഉല്പാദനം വ‌ർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ സർക്കാരിന് ഏത് വിളയാണെങ്കിലും പ്രത്യേകമായി കൃഷിചെയ്യുന്നതിന് നി‌ർദ്ദേശിക്കാമെന്ന് നിലവിൽതന്നെ നിയമമുണ്ട്. നെൽകൃഷിയുടെ കാര്യത്തിൽ ഈ നിയമം പ്രാബല്യത്തിലുണ്ട്.

ഈ നിയമം കരിമ്പ് കൃഷിയുടെ കാര്യത്തിൽ പ്രാബല്യത്തിലായാൽ കർഷകർ നിബന്ധമായും കരിമ്പ് കൃഷിചെയ്യേണ്ടിവരും. സബ്സിഡികൾ നല്കിയാൽ കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് കടന്നുവരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതോടെ മറയൂർ പാടങ്ങളിൽ കരിമ്പ് തഴച്ചുവളരുക തന്നെ ചെയ്യുമെന്ന് സർക്കാർ വിലയിരുത്തുന്നു.

അഞ്ചുനാട് കരിമ്പ് ഉല്പാദക വിപണനസംഘത്തിന് ഭൗമസൂചിക പദവി പത്രം കൈമാറിയത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. ഇതോടെ കേരളത്തിൽ നിന്നും 25ാമത്തെ ഭൗമസൂചിക ഉൽപ്പന്നമായി മാറി മറയൂർ ശർക്കര. മറയൂർ, കാന്തല്ലൂർ മേഖലകളിലെ കരിമ്പ് കൃഷി പ്രോത്സാഹിപ്പിക്കാനും മറയൂർ ശർക്കരയുടെ വിപണി മെച്ചപ്പെടുത്താനും കേരള കാർഷിക സർവ്വകലാശാലയും കൃഷിവകുപ്പും മറയൂർ കാന്തല്ലൂർ ഗ്രാമപഞ്ചായത്തുകളും കർഷക കൂട്ടായ്മകളും ചേർന്ന് ശിൽപശാല നടത്തിയിരുന്നു. കൃഷിവകുപ്പ് ഡയറക്ടറും കൃഷി സ്‌പെഷ്യൽ സെക്രട്ടറിയുമായ രത്തൻ യു ഖേൽക്കർ, കേരള കാർഷിക സർവ്വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.പി ഇന്ദിരാദേവി, എസ്. രാജേന്ദ്രൻ എം.എൽ.എ എന്നിലർ ശില്പശാലയിൽ സംബന്ധിച്ചിരുന്നു.