വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുലവാഴ പുറപ്പാട് നാളെ നടക്കും. ഉദയനാപുരത്തെ സംയുക്ത എൻ.എസ്.എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കുലവാഴ പുറപ്പാട് വൈകിട്ട് 3ന് നാലു കരകളിൽ നിന്നായി ആരംഭിക്കും. വടക്കേമുറി കരയോഗം പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും പടിഞ്ഞാറെ മുറി കരയോഗം ശ്രീ നാരായണപുരം ക്ഷേത്രത്തിൽ നിന്നും തെക്കേമുറി കരയോഗം കൊച്ചു ഭഗവതി ക്ഷേത്രത്തിൽ നിന്നും ഇരുമ്പൂഴിക്കര കരയോഗം കരയോഗ മന്ദിരത്തിൽ നിന്നും ആയിരിക്കും പുറപ്പാട് ആരംഭിക്കുക. തൃക്കാർത്തികയുടെ തലേ ദിവസം ആഘോഷമായി കൊണ്ടുവരുന്ന വാഴക്കുലകളും കരിക്കിൻ കുലകളും ക്ഷേത്രത്തിന്റെ സോപാനം, മണ്ഡപം, ബലിക്കൽ പുര, നാലമ്പലത്തിന്റെ ചുറ്റുഭാഗങ്ങൾ എന്നിവിടങ്ങളിൽ കെട്ടി അലങ്കരിക്കും.
നാളെ വൈകിട്ട് 4ന് നടക്കുന്ന കാഴ്ചശ്രീബലിക്ക് തേരോഴി രാമകുറുപ്പിന്റെ പ്രമാണത്തിൽ 60ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം നടക്കും.
10 ന് വെളുപ്പിന് 5നാണ് വടക്കുംചേരി മേൽ എഴുന്നള്ളിപ്പ്. ചെമ്പ് ദേശം വരെ പോകുന്ന എഴുന്നള്ളിപ്പ് അവിടെ വച്ച് 3 പ്രാവശ്യം ശംഖ് കമഴ്ത്തി പിടിച്ച് വിളിച്ച ശേഷം തിരിച്ച് എഴുന്നള്ളും. ആചാരപ്രകാരം കൂട്ടുമ്മേൽ ക്ഷേത്രത്തിൽ ഇറക്കി പൂജയും നിവേദ്യവും നടത്തും. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാലമ്പലത്തിന് തെക്കു ഭാഗത്തു കൂടി കൊള്ളുന്ന പനച്ചിക്കൽ ഭഗവതിയുമായുള്ള ബന്ധമാണ് തെക്കും ചേരീ മേൽ വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് സൂചിപ്പിക്കുന്നത്