ramesh

കോട്ടയം: മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ കുടുംബസമേതം നടത്തിയ വിദേശയാത്ര ഉല്ലാസയാത്ര മാത്രമായിരുന്നെന്ന് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല ആരോപിച്ചു. കോട്ടയം പ്രസ്ക്ലബിന്റെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിദേശയാത്ര കഴിയുമ്പോഴും പത്രസമ്മേളനം നടത്തി വാചകക്കസർത്തു കാണിക്കുകയാണ്. കഴിഞ്ഞ യാത്രകളിൽ നിന്ന് കേരളത്തിന് എന്തു നേട്ടമുണ്ടായെന്ന് വിശദീകരിക്കണം. നെതർലാന്റിൽ പോയി വന്നപ്പോൾ 30,000 മലയാളി നഴ്‌സുമാരെ അവിടെ റിക്രൂട്ട് ചെയ്യാൻ ധാരണയാക്കിയെന്ന് പറഞ്ഞിരുന്നു. എന്നാൽ മലയാളി നഴ്‌സുമാരെ വേണ്ടെന്നും യൂറോപ്യൻ യൂണിയനിൽ നിന്ന് മാത്രമേ റിക്രൂട്ടു ചെയ്യൂ എന്നും ഡച്ച് ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

കേരള ബാങ്ക് രൂപീകരിച്ചെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അത് ക്രമവിരുദ്ധവും നിലനിൽക്കാത്തതുമാണ്. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചാലേ കേരള ബാങ്ക് ആരംഭിക്കാൻ കഴിയൂ. സഹകരണ പ്രസ്ഥാനത്തിലെ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിലാണ് സി.പി.എമ്മിന്റെ കണ്ണ്.

എം.ജി സർവകലവാശാലയിൽ നടക്കാൻ പാടില്ലാത്തതു നടന്നുവെന്ന് ഗവർണർ പറഞ്ഞത് മന്ത്രി ജലീലിന്റെ ഇടപെടൽ ഉദ്ദേശിച്ചാണ്. എന്നാൽ എല്ലാം സിൻഡിക്കേറ്റിന്റെ തലയിൽ വെച്ച് രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നത്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കും. കോൺഗ്രസ് പുനഃസംഘടന ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും. ഹൈദരാബാദിൽ പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നതിനോട് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.