പാലാ : കർഷകജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പാലാ രൂപത കർഷക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. കർഷകപ്രക്ഷോഭത്തിന് രൂപതാതലത്തിൽ തുടക്കം കുറിച്ച് രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും വൈദികരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷകർ 14 ന് പാലായിൽ സംഘടിക്കും. വിവിധ ജംഗ്ഷനുകളിൽ സംഗമിക്കുന്ന ഫൊറോനാതല കർഷകസമൂഹം ടൗണിലാകെ കർഷകമതിൽ തീർക്കും. തുടർന്ന് 3.30 ന് ടൗൺ കുരിശുപള്ളി ജംഗ്ഷനിൽ ചേരുന്ന കർഷകമഹാസംഗമത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, വൈദികർ, കർഷകനേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. രൂപതാതല പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരു ലക്ഷം കർഷകർ പങ്കെടുക്കുന്ന മഹാസമ്മേളനമാണ് ലക്ഷ്യമിടുന്നത്. കർഷകമഹാസംഗമത്തിൽ രൂപതയിലെ നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിനു കർഷകർ ഒപ്പിടുന്ന ഭീഹർജി ഭരണാധികാരികൾക്കു സമർപ്പിക്കും.