കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ മാലിന്യക്കാമ്പാരം ഒഴിവാക്കാൻ നടപടിയായി. സെന്റ് ഡൊമിനിക്‌സ് കോളേജ് എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ, ഹരിത കേരളം മിഷൻ, ചിറ്റാർ പുനർജനി മിഷൻ, എൻ.ജി.ഒ യൂണിയൻ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സിവിൽ സ്‌റ്റേഷനിലെ എസ്.ബി.ഐ ബാങ്കിന്റെ സമീപമുള്ള കവാടത്തിന് സമീപം കുന്നുകൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ ഒഴിവാക്കുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ കേന്ദ്രം ഇവിടെ സ്ഥാപിക്കും.
ശുചീകരണ യജ്ഞത്തിന് കാഞ്ഞിരപ്പള്ളി തഹൽസിദാർ അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേഴ്‌സി മാത്യു, ടൗൺ വാർഡംഗങ്ങളായ ചിറ്റാർപുഴ പുനർജനി മിഷൻ ജനറൽ കൺവീനർ എം.എ.റിബിൻ ഷാ, ബീനാ ജോബി, വില്ലേജ് ഓഫീസർ ജയപ്രകാശ്, താലൂക്ക് ഓഫീസ് ജീവനക്കാരായ അനൂപ്, സന്തോഷ്, ഹരിത കേരളം മിഷൻ പ്രതിനിധി വിപിൻ രാജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. മേരി പിറ്റ്യൂണിയ, വോളണ്ടിയർ സെക്രട്ടറിമാരായ മെൽബിൻ, അർഷത്, നിഷ, എന്നിവർ നേതൃത്വം നൽകി.
സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളിലെയും മാലിന്യങ്ങൾ തരം തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാൻ നടപടി സ്വീകരിക്കും
മാലിന്യം തള്ളുന്നത് തടയാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കും
മാലിന്യപ്രശ്‌നത്തിന് പരിഹാരമായി ബ്ലോക്ക് പഞ്ചായത്ത് തുമ്പൂർമുഴി മോഡൽ മാലിന്യ പ്ലാന്റ് നിർമ്മാണം ഉടൻ തന്നെ ആരംഭിക്കും
എൻ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി