കോട്ടയം: കഞ്ചാവു ലഹരി മൂത്തപ്പോൾ സഹോദരിയെ പോലും അയാൾക്ക് തിരിച്ചറിയാനായില്ല. സുഹൃത്തിനൊപ്പം സഹോദരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു. മനുഷ്യ മന:സാക്ഷിയെ മരവിപ്പിച്ച ഈ സംഭവം അടുത്തിടെ മണർകാട്ടാണ് നടന്നത്. ഇയാളെയും സുഹൃത്തിനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തു. വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.
കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച പ്രതിയ്‌ക്ക് പ്രായം 25 വയസ്. പീഡിപ്പിച്ചപ്പോഴും പൊലീസിന്റെ പിടിയിലായപ്പോഴും പ്രതി ലഹരിയുടെ പിടിയിലായിരുന്നു. കഞ്ചാവും കള്ളും സ്ഥിരമായി ഉപയോഗിച്ചിരുന്ന ഇയാൾ നിരവധി മോഷണക്കേസുകളിലും പ്രതിയായിരുന്നെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിലുണ്ടായ പീഡനക്കേസുകളിൽ 50 ശതമാനത്തിനു മുകളിലും പ്രതിയായവർ ലഹരിയുടെ അടിമകളായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പീഡനങ്ങൾ വർദ്ധിക്കുന്നു
നാലു വർഷത്തിനിടെ കേസുകൾ ഇരട്ടിയായി
കഴിഞ്ഞ വർഷം അറസ്റ്റിലായത് 192 പേർ
ഇതിൽ 98 പേർ 25 വയസിൽ താഴെയുള്ളവർ
ഇതിൽ 62 പേരും ലഹരി ഉപയോഗിച്ചിരുന്നു
25 ൽ താഴെയുള്ളവരെല്ലാം ലഹരിക്കടിമകൾ
കഴിഞ്ഞ വർഷം
134 ബലാൽസംഗ കേസുകൾ
ഈവർഷം
ഇതുവരെ
172
ലഹരിയാണ് ലൈംഗിക പീഡനമടക്കമുള്ള ക്രിമിനൽ കേസുകളിൽ ഒരു പങ്കാളി. ഈ സാഹചര്യത്തിൽ കഞ്ചാവ് അടക്കമുള്ള ലഹരി പിടികൂടാൻ പരിശോധന ശക്തമാക്കും.
പി.എസ് സാബു, ജില്ലാ പൊലീസ് മേധാവി