സമ്പൂർണ സാക്ഷരതാ ജില്ലയായ കോട്ടയം സമ്പൂർണ പീഡനജില്ലയാകാൻ മത്സരിക്കുകയാണോ എന്നാണ് ചുറ്റുവട്ടത്തുള്ളവരുടെ സംശയം ! പട്ടികവർഗവിഭാഗത്തിലെ വനമേഖലകളിൽ നിന്ന് ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ പഠിക്കുന്ന ഏറ്റുമാനൂരിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 13 വയസിൽ താഴെ പ്രായമുള്ള 14 വിദ്യാർത്ഥിനികളെയായിരുന്നു സംഗീതാദ്ധ്യപകൻ പീഡീപ്പിച്ചത്. സഹികെട്ട കുട്ടികൾ പരാതി നൽകിയെങ്കിലും സഹ അദ്ധ്യാപകരും മറ്റും അവഗണിച്ചു. വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് പീഡന വിവരം മേൽ ഉദ്യോസ്ഥരെ അറിയിച്ച സൂപ്രണ്ടിനെ മൂന്നാറിലേക്ക് സ്ഥലം മാറ്റിയായിരുന്നു നടപടി.

പീഡന വിഷയം മാദ്ധ്യങ്ങൾ ഏറ്റെടുത്തതോടെയാണ് പീഡനവീരനായ സംഗീതജ്ഞൻ അവസാനം ജയിലിലായത്. ഇതിന് പിറകെ പീഡനം നടന്നിട്ടേ ഇല്ലെന്ന് വരുത്തി തീർക്കാൻ വിദ്യാർത്ഥികളെ കൊണ്ട് പറയിക്കാനും പരാതി പിൻവലിപ്പിക്കാനും മറ്റ് അദ്ധ്യാപകരും ജീവനക്കാരും രംഗത്തെത്തി. സമ്മർദ്ദം ഏറിയതോടെ 138കുട്ടികളിൽ 96 പേരും പേടിച്ച് സ്കൂൾ വിട്ടു. സംഭവം വിവാദമായതോടെ കുറേ കുട്ടികളെ തിരികെ കൊണ്ടുവന്നിട്ടുണ്ട്. പോക്സോ കേസിൽ അറസ്റ്റിലായ സംഗീതാദ്ധ്യാപകനെ സഹായിച്ച അദ്ധ്യാപകരെ മാറ്റി നിറുത്താതെ തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന നിലപാട് രക്ഷകർത്താക്കൾ സ്വീകരിച്ചെങ്കിലും ഇതിന് പുല്ലുവിലയാണ് അധികൃതർ കൽപ്പിച്ചത്. സബ് കളക്ടറും മറ്റും ഇടപെട്ടെങ്കിലും പീഡനത്തിന് കൂട്ടുനിന്നവരെല്ലാം ഇനി പ്രശ്നമുണ്ടാകില്ലെന്ന ഉറപ്പിൽ സ്കൂളിൽ തുടരുകയാണ്. ഒരു അദ്ധ്യാപകനെ പീഡന കേസിൽ കുടുക്കിയതതിന് പ്രതികാരമായി മറ്റു രീതിയിലുള്ള പീഡനം ഉണ്ടാവുമോ എന്ന ഭീതിയിലാണ് പാവം വിദ്യാർത്ഥിനികൾ.

ഇത്രയും വലിയ പീഡനം നടന്നിട്ടും കുറ്റവാളികൾക്കെതിരെ കർശന നടപടി എടുക്കാൻ സർക്കാർ തയ്യാറായില്ല . എന്തിനും പ്രതികരിക്കുന്ന സാംസ്കാരിക നായകരും ചാനൽ ചർച്ചാ പണ്ഡിതന്മാരും പട്ടികവർഗ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തോട് മുഖം തിരിച്ചു നിൽക്കുകയാണിപ്പോഴും. കാഞ്ഞിരപ്പള്ളിയിൽ കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയവൻ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതാണ് അടുത്ത പീഡന വാർത്ത. കേരളത്തിൽ ആദ്യമായി പീഡനകേസ് കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി രൂപീകരിച്ചത് കോട്ടയത്തായിരുന്നു. 44 പേർ ചേർന്ന് ഒരു പെൺകുട്ടിയ കേരളത്തിനകത്തും പുറത്തും കൊണ്ടു നടന്നു പീഡിപ്പിച്ച സൂര്യനെല്ലികേസ് കഴിഞ്ഞ ഉടൻ വിതുര കേസ് അവിടെ വിചാരണ തുടങ്ങി. പിന്നെ പന്തളം പീഡന കേസായി. ഏതായാലും പീഡന കേസു വിചാരണക്ക് ക്ഷാമമുണ്ടായിട്ടില്ല. പീഡിപ്പിക്കുന്നതിന് കുറവും ഉണ്ടായിട്ടില്ല. സിസ്റ്റർ അഭയയുടെ കൊലപാതകത്തിൽ വൈദികരെയും ഒരു കന്യാസ്ത്രീയെയും കുറ്റക്കാരായി കണ്ടെങ്കിലും മൂന്നു പതിറ്റാണ്ടായിട്ടും കേസിൽ തീർപ്പായിട്ടില്ല. സി.ബി.ഐ കോടതിയിൽ വിചാരണ തുടരുകയാണ്. ഒപ്പം ഓരോ ദിവസവും സാക്ഷികൾ കൂറുമാറുന്നു.

ഹൈദരാബാദിൽ ഡോക്ടറെ പീഡിപ്പിച്ചു കൊന്നവരെ വെടിവെച്ചുകൊന്ന പൊലീസുകാർക്ക് ലഭിച്ച ജനപിന്തുണക്കു പിറകേ വാളയാർ പീഡന കേസിൽ കോടതി വെറുതേ വിട്ട ആളെ സദാചാര പൊലീസ് അടിച്ച് പരുവത്തിലാക്കി വഴിയിൽ തള്ളിയ സംഭവ പരമ്പരകൾ നാടെങ്ങും ആവർത്തിച്ചാൽ പീഡനക്കാരുടെ കാര്യം കഷ്ടത്തിലാകും. ജനങ്ങൾ നിയമം കൈയിലെടുക്കുന്ന അവസ്ഥ ബന്ധപ്പെട്ടവർ ഉണ്ടാക്കരുതേ എന്നാണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്!