പൊൻകുന്നം: 1-4-2014നു ശേഷമുള്ള കാലയളവിലേക്ക് നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഡിസംബർ 31 ന് അവസാനിക്കുകയാണ്. 31-3-2019 ൽ 5 വർഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് അവസാനത്തെ 5 വർഷത്തെ നികുതിയുടെ 20 ശതമാനം അടച്ചും നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനം അടച്ചും നാളിതുവരെയുള്ള നികുതികുടിശ്ശിക തീർപ്പാക്കാവുന്നതും ഭാവിയിൽ ഉണ്ടാകാവുന്ന നികുതി ബാദ്ധ്യതകൾ ഒഴിവാക്കാവുന്നതുമാണ്. വാഹനം കൈവശം ഇല്ലെങ്കിലോ കൈമാറ്റം ചെയ്തതോ പൊട്ടിപ്പൊളിഞ്ഞു പോകുകയോ ചെയ്തിട്ടുള്ള വാഹന ഉടമകൾ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 31ന് ശേഷം ഈ സൗകര്യം ലഭ്യമല്ലെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.