കോട്ടയം : 'എല്ലുമുറിയെ പണിയെടുക്കുന്ന മലയാളി പല്ലുമുറിയെ തിന്നാൻ' അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് ഹെക്ടറിൽ 'വിളയുന്ന' പച്ചക്കറിയും പലവ്യഞ്ജനങ്ങളും അപ്രത്യക്ഷമാകുന്നു. 350 രൂപയ്ക്ക് മാർക്കറ്റിൽ നിന്ന് മുരങ്ങയ്ക്ക വാങ്ങുന്നവർ അറിയുന്നില്ല കേരളത്തിലെ 16646.3 ഹെക്ടറിൽ മുരങ്ങ കൃഷിയുണ്ടെന്ന കാര്യം. അതെങ്ങനാ.. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇതൊക്കെ അറിയണമെങ്കിൽ വല്ലപ്പോഴുമെങ്കിലും സംസ്ഥാന സർക്കാരിന്റെ വെബ് സൈറ്റ് തുറന്നു നോക്കണം.

സംസ്ഥാനത്തെ 6,83,736.492 ഹെക്ടറിൽ ധാന്യങ്ങൾ, പഴം, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളും വേറെ പതിനായിരക്കണക്കിന് ഹെക്ടറിൽ തോട്ട- നാണ്യവിളകളുമുണ്ടെന്നാണ് സർക്കാർ വെബ് സൈറ്റ് അവകാശപ്പെടുന്നത്. അതേസമയം എല്ലാദിവസവും നിത്യോപയോഗ സാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.) പറയുന്നതാകട്ടെ, കേരളത്തിൽ വിൽക്കുന്നതെല്ലാം അന്യസംസ്ഥാനത്തു നിന്ന് വരുന്നവയാണെന്നാണ്. അപ്പോൾ പിന്നെ ഏഴ് ലക്ഷം ഹെക്ടറിൽ നിന്ന് വിളവെടുത്തവയൊക്കെ എവിടെപ്പോകുന്നു?.

കേരളത്തിന്റെ സ്വന്തമെന്ന് പറയാൻ കപ്പയും ചേനയും ഉൾപ്പെടെ വിരലിലെണ്ണാവുന്നവ മാത്രമാണെന്നാണ് വി.എഫ്.പി.സി വെബ് സൈറ്റ് സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ പച്ചക്കറി, പലവ്യ‌ഞ്ജനങ്ങളുടെ വില റോക്കറ്റുപോലെ കുതിച്ചുയരുമ്പോഴൊക്കെ അന്യസംസ്ഥാനങ്ങളിലെ കാലാവസ്ഥയെ മാത്രമേ പഴിച്ചിട്ടുള്ളൂ. ഓണത്തിന് ഒരുമുറം പച്ചക്കറി, അടുക്കളത്തോട്ടം, ജൈവകൃഷി തുടങ്ങിയ പേരുകളിൽ ചെലവഴിക്കുന്ന കോടികൾക്ക് ഒരു വിശദീകരണം എന്നതിനപ്പുറം സർക്കാരിന്റെ കണക്കും വിപണിയിലെ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നാണ് വെളിവാകുന്നത്.

സർക്കാർ വെബ് സൈറ്റിലെ അവകാശവാദം (2018-19)

 നെല്ല് ഉൾപ്പെടെ ധാന്യങ്ങൾ : 205978.642 ഹെക്ടർ

പഴവർഗങ്ങൾ : 358062.46

കിഴങ്ങ് വർഗം : 77894.98

പച്ചക്കറി : 41800.41

എണ്ണക്കുരു : 763507.11

സുഗന്ധവ്യഞ്ജനം : 258373.96

വി.എഫ്.പി.സി പറയുന്നത്

കഴിഞ്ഞ ദിവസം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ പ്രസിദ്ധീകരിച്ച വിലവിവരപ്പട്ടിക പ്രകാരം

മാർക്കറ്റിലെത്തിയ കേരളത്തിന്റെ തനത് വിളകൾ. കപ്പ, കൂർക്ക, ഏത്തയ്ക്ക, വെള്ളരി, ചേന, ചേമ്പ്, പാവയ്ക്ക, പയർ, ഇഞ്ചി, കോവയ്ക്ക, പടവലം എന്നിവ മാത്രമാണ്.