അടിമാലി: മാലിന്യ നിക്ഷേപത്തിനും അനധികൃത ലോഡ്ജിംഗുകൾക്കുമെതിരെ അടിമാലി പഞ്ചായത്ത് നടപടി കർശനമാക്കുന്നു. മാലിന്യ നിക്ഷേപം നടത്തുന്നവരുടെയും സ്ഥാപനങ്ങളിലെയും വീടുകളിലെയും മറ്റും ദ്രവ മാലിന്യങ്ങൾ തുറസായ സ്ഥലത്തേക്കും ഓടകളിലേക്കും ജലാശയങ്ങളിലേക്കും തുറന്ന് വിടുന്നവരുടെയും കെട്ടിടത്തിന്റെ പ്രവർത്തനാനുമതിയും ലൈസൻസും റദ്ദ് ചെയ്യും. വീടുകളിലും സ്ഥാപനങ്ങളിലും ഖര, ദ്രവ മാലിന്യ സംവിധാനങ്ങൾ ഇല്ലാത്തവർ പഞ്ചായത്തിൽ 31 നുള്ളിൽ രേഖാമൂലം അപേക്ഷ നൽകണം. അവർക്ക് പഞ്ചായത്തിന്റെ പദ്ധതിയിലും തൊഴിലുറപ്പ് പദ്ധതിയിലുംപ്പെടുത്തി സബ്സിഡിയോടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തും. സ്ഥാപനങ്ങൾക്ക് ഖര, ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് സാങ്കേതിക സഹായവും നൽകും. ഫെബ്രുവരി ഒന്നിനുള്ളിൽ ഇവ സ്ഥാപിക്കാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതിയും ലൈസൻസും റദ്ദ് ചെയ്യുകയും സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്യും.

അനധികൃത താമസം വേണ്ട

കച്ചവട മുറികളിലും മറ്റും അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ള കെട്ടിട ഉടമകൾ 10നകം അവിടങ്ങളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കണം. അല്ലെങ്കിൽ കെട്ടിടം ആവശ്യമായ സംവിധാനങ്ങളേർപ്പെടുത്തി ലോഡ്ജിംഗ് താമസ ഗണത്തിലേക്ക് മാറ്റണം. 10 ന് ശേഷം ഇത്തരം സ്ഥലങ്ങളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്നതും കെട്ടിട ഉടമക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.