kuzi

കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തിയേറ്റർ റോഡിൽ നഗരസഭയുടെ ഓടയിലേയ്‌ക്കു തള്ളാൻ മതിൽ കുത്തിപ്പൊളിച്ചു. മതിലിനു ചുവട്ടിൽ ഒരാൾ പൊക്കത്തിൽ മണ്ണ് നീക്കം ചെയ്‌ത ശേഷമാണ് നഗരസഭയുടെ ഓടയിലേയ്‌ക്ക് കക്കൂസ് മാലിന്യം ഒഴുക്കാൻ വഴിയൊരുക്കിയത്. അടുത്തിടെ നഗരസഭ സ്ഥാപിച്ച ഓടയുടെ സ്ലാബും കുത്തിയിളക്കി.

അടുത്ത ദിവസമാണ് തിയേറ്റർ റോഡ് ടാർ ചെയ്‌ത് ഗതാഗത യോഗ്യമാക്കിയത്. ഈ റോഡിനു സമീപത്ത് ഓട വൃത്തിയാക്കിയ നഗരസഭ ഇതിനു മുകളിൽ സ്ലാബ് ഇടുകയും ചെയ്‌തിരുന്നു. എന്നാൽ, കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെയാണ് ഈ റോഡിനു സമീപത്തെ ഓടയുടെ സ്ലാബ് കുത്തിയിളക്കിയത്. കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനിലെ മാലിന്യം നേരത്തെ മുതൽ തന്നെ ഈ റോഡിലേയ്‌ക്കാണ് ഒഴുക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു. തിയേറ്റർ റോഡിലെ മതിലിന്റെ വിടവിൽ പൈപ്പ് സ്ഥാപിച്ച്, ഇതുവഴി റോഡിലേയ്‌ക്ക് മാലിന്യം തള്ളുകയാണ് ചെയ്‌തിരുന്നത്.

എന്നാൽ, ഇത് ആദ്യമായാണ് ഒരാൾ ഉയരത്തിലുള്ള മതിലിനുള്ളിലെ മണ്ണ് നീക്കം ചെയ്‌ത ശേഷം മലിനജലവും മാലിന്യവും ഓടയിലേയ്‌ക്ക് ഒഴുക്കിവിടാൻ വഴിയൊരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ കെ.എസ്.ആർ.ടി.സിയിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങൾ നേരെ വന്ന് വീഴുന്നത് ചന്തക്കടവിലാണ്. ഇവിടെ നിന്നും ഈ മാലിന്യങ്ങൾ ഒഴുകി മീനച്ചിലാറ്റിൽ എത്തും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് നാട്ടുകാ‌ർ ആരോപിക്കുന്നത്.

നടപടിയെടുക്കാതെ വീണ്ടും നഗരസഭ

മാലിന്യം തള്ളുന്നതിനു വേണ്ടി നഗരസഭയുടെ ഓട അടക്കം പൊളിച്ചിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ. നഗരത്തിലെ ഓടകളിലേയ്‌ക്ക് മാലിന്യം തള്ളരുതെന്ന ജില്ലാ കളക്‌ടറുടെ കർശന നിർദേശം അടക്കം നിലനിൽക്കുമ്പോഴാണ് നഗരസഭയുടെ കൺമുന്നിൽ ഓടയിലേയ്‌ക്ക് മാലിന്യം തള്ളുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യമാണ് ഇത്തരത്തിൽ തള്ളുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഇത് മനസിലാക്കിയിട്ടും നഗരസഭ അധികൃതർ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നാണ് ആരോപണം.