വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനവും കാർത്തിക വിളക്കും നാളെ നടക്കും. വെളുപ്പിന് 6നാണ് കാർത്തിക ദർശനം.
താരകാസുര നിഗ്രഹം കഴിഞ്ഞു വിജയശ്രീ ലാളിതനായി വരുന്ന ദേവസേനാധിപനായ സുബ്രഹ്മണ്യനെ ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ പുണ്യദിനമാണ് കാർത്തികയെന്നാണ് വിശ്വാസം.
രാവിലെ 11 ന് കിഴക്കേ ആന പന്തലിൽ തന്ത്രിരിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി,മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഗജപൂജ നടത്തും. വൈകിട്ട് 4ന് ആനയൂട്ടും നടക്കും. രാത്രി 10 നാണ് പ്രസിദ്ധമായ തൃക്കാർത്തിക വിളക്ക് . വലിയ ചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന് സ്വർണ്ണതലേക്കെട്ടും സ്വർണ്ണക്കുടയും ഉപയോഗിക്കും. സംയുക്ത എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നിറദീപവും നിറപറയും ഒരുക്കി എഴുനള്ളിപ്പിനെ വരവേൽക്കും. തുടർന്ന് വലിയ കാണിക്ക, വെടിക്കെട്ട് എന്നിവ നടക്കും.