കോട്ടയം : നാടെങ്ങും 87ാമത് ശിവഗിരി തീർത്ഥാടനത്തിനൊരുങ്ങുമ്പോൾ 90 വർഷത്തിനപ്പുറത്ത് നിന്നൊരു ഓർമ്മച്ചിത്രം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പുതുപ്പള്ളി തൃക്കോതമംഗലം കാക്കാംപറമ്പിൽ കെ.കെ. രാഘവൻ (97) എന്ന നാട്ടുകാരുടെ 'സഖാവ് രാഘവൻ". 1928 ജനുവരി 16 ന് നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ വലിയൊരു ആൾക്കൂട്ടവും അതിനടുത്തൊരു മുറിയിൽ ധ്യാനത്തിലിരുന്ന ശുഭ്രവസ്ത്രധാരിയായ സന്യാസിയുമാണ് രാഘവന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്. അന്നാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ അനുമതി നൽകിയത്.

6 വയസ് പ്രായമുണ്ടായിരുന്ന കുഞ്ഞ് രാഘവൻ അമ്മയോടൊപ്പം വീട്ടിലെ കാളവണ്ടിയിലാണ് എത്തിയത്. കാരാപ്പുഴയിലുള്ള അമ്മാവൻ പറഞ്ഞതനുസരിച്ചാണ് ക്ഷേത്രത്തിൽ എത്തിയതെങ്കിലും അത് ഇത്രവലിയൊരു സൗഭാഗ്യത്തിനായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഗുരുവിനെ കാണണമെന്ന് അമ്മ ആഗ്രഹം പറഞ്ഞപ്പോൾ, തൃപ്പാദങ്ങൾ ധ്യാനത്തിലാണെന്നും കുറച്ചുനേരം കാത്തുനിൽക്കണമെന്നും ശിഷ്യന്മാർ അറിയിച്ചു. നേരം ഏറെ വൈകിയതുകൊണ്ട് കാത്തുനിൽക്കാതെ തിരിച്ചുപോകാനായിരുന്നു അമ്മയുടെ തീരുമാനം. എന്നാൽ രാഘവൻ അതിന് തയ്യാറായില്ല, ഗുരുവിനെ കാണണമെന്ന് വാശിപിടിച്ചു. അങ്ങനെയാണ് ക്ഷേത്രത്തിന് സമീപം ഗുരുദേവൻ ധ്യാനത്തിലിരുന്ന മുറിയുടെ വാതിൽ പതിയെ തുറന്ന് ദർശനം നടത്തിയത്. ഗുരു അറിയാതെ ആ നിയോഗം പൂർത്തിയാക്കി കാരാപ്പുഴയിലെ വീട്ടിലേക്ക് മടങ്ങി. പിന്നീട് വീട്ടിലെ സന്ധ്യാപ്രാർത്ഥനയിലും ഗുരുമന്ദിരത്തിലെ ചടങ്ങുകളിലുമൊക്കെ അമ്മയെ അനുഗമിക്കാറുണ്ടായിരുന്നെങ്കിലും യുവത്വത്തിലേക്ക് കടന്നതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും പ്രവർത്തകനുമൊക്കെയായിത്തീർന്ന സഖാവ് രാഘവൻ ഗുരുവിനെക്കുറിച്ച് പിന്നീടൊരിക്കലും ചിന്തിച്ചതേയില്ല.

അടുത്തകാലത്ത് പ്രായാധിക്യം കാരണം പൊതുപ്രവർത്തനൊക്കെ ഉപേക്ഷിച്ച് വീട്ടിൽ വിശ്രമിക്കുന്നതിനിടെ പെട്ടെന്നുണ്ടായൊരു ശാരീരിക അസ്വാസ്ഥ്യത്തിൽ നിന്നാണ് ഗുരുദേവദർശനകഥ വെളിപ്പെടുത്തിയത്. മക്കളെയൊക്കെ അടുത്തുവിളിപ്പിച്ച് ഓരോകാര്യങ്ങൾ സംസാരിക്കുന്നതിനിടെ മരിച്ചുപോയ അമ്മയേയും അമ്മാവനേയും കൂറിച്ച് കൂടുതൽ സംസാരിച്ചു. അച്ഛൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ട് കിടന്നുറങ്ങിയാൽ മതിയെന്ന് മക്കൾ ഉപദേശിച്ചപ്പോൾ ദയനീയമായി നോക്കിയതല്ലാതെ ഒന്നും പ്രതികരിച്ചില്ല. എന്നാൽ വേണ്ട, അച്ഛന് ഇഷ്ടമുള്ള ദൈവമേതാണെന്ന് പറഞ്ഞാൽ ഞങ്ങൾ പ്രാർത്ഥിക്കാമെന്ന് മക്കൾ അറിയിച്ചപ്പോഴാണ് മനസിലിരിപ്പ് വെളിവായത്.

'അച്ഛന്റെ കൺകണ്ട ദൈവം ഗുരുദേവനല്ലേ..മക്കളേ' എന്ന തുറന്നുപറച്ചിലിൽ തുടങ്ങിയ വാക്കുകൾ പിന്നീട് വാചാലമാവുകയായിരുന്നു. പ്രായം നൂറിനോടടുത്തതിനാൽ അല്പം കേൾവിക്കുറവുണ്ട്. എന്നാലും ചോദ്യം മനസിലായാൽ ഗുരുദേവനെ നേരിട്ട് കണ്ടകാര്യങ്ങൾ പറയാൻ ഉത്സാഹമാണ്. ചങ്ങനാശേരി അരമനപ്പടിയിലെ ശ്രീനികേതനിൽ മകൾ ഗിരിജകുമാരിക്കൊപ്പമാണ് ഇപ്പോൾ താമസം. മരുമകൻ നിർമ്മലകുമാർ ഗുരുദേവന്റെ സന്യാസശിഷ്യപരമ്പരയിൽ പ്രമുഖനായ മാമ്പലം വിദ്യാനന്ദസ്വാമിയുടെ സഹോദര പുത്രനാണ്. മൂത്തമകൻ കെ.ആ‌ർ ശശിധരൻ ഗോവയിലെ ശ്രീനാരായണഗുരു ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റാണ്. ഇദ്ദേഹത്തിന്റെ ഭാര്യ നിർമ്മലയും സൊസൈറ്റി പ്രവർത്തനത്തിൽ സജീവമാണ്. മറ്റ് മക്കളിൽ രണ്ടുപേർ അമേരിക്കയിലും ഒരാൾ ഗോവയിലുമാണ് സ്ഥിരതാമസം.