ഈരാറ്റുപേട്ട : നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും കേരളത്തിന്റെ സംസ്‌കാരത്തിനനുസരിച്ച് പ്രവർത്തിച്ച് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകാൻ കേരളകൗമുദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. കേരളകൗമുദി നവീകരിച്ച ഈരാറ്റുപേട്ട ബ്യൂറോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം വെറും ഭാഷയുടെയോ, പ്രകൃതിയുടെയോ അടിസ്ഥാനത്തിൽ രൂപം കൊണ്ടതല്ല. മറിച്ച് കേരളം ഒരു സംസ്‌കാരമാണ്. ആ സംസ്‌കാരത്തിന്റെ സങ്കൽപ്പത്തിന് കരുത്തും ശക്തിയുടെ നൽകിയിട്ടുള്ളത് എക്കാലവും കേരളകൗമുദിയാണ്.

ജനാധിപത്യം കാത്ത് സൂക്ഷിക്കേണ്ടത് മാദ്ധ്യമങ്ങളാണ്. ജനാധിപത്യം എന്ന് പറയുന്നത് കേവലം ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മാത്രമുള്ളതല്ല. ഇപ്പോൾ നടക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കലാണ്. ഇതിനെ ചെറുത്ത് തോല്പിക്കാൻ പത്രമാദ്ധ്യമങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അതിന് കേരളകൗമുദി ചെയ്തിട്ടുള്ള സേവനം പ്രശംസനാർഹനീയമാണെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രേംജി മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ വി.എം.സിറാജ്, വാർഡ് കൗൺസിലർ അൻവർ അലിയാർ, വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസ്‌കുട്ടി , ഡി.സി.സി സെക്രട്ടറി അഡ്വ.ജോമോൻ ഐക്കര, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ജി ശേഖരൻ, മുസ്ലിംലീഗ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് അനസ് കണ്ടത്തിൽ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എം.ബഷീർ, ബി.ഡി.ജെ.എസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് എം.ആർ ഉല്ലാസ്, കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോഷി മൂഴിയാങ്കൽ, ബി.ജെ.പി പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ സ്വാഗതവും, ഈരാറ്റുപേട്ട ലേഖകൻ എ.കെ.നാസർ നന്ദിയും പറഞ്ഞു.