പാലാ: കെ.എം. മാണിയുടെ പേര് വെട്ടി ജനറൽ ആശുപത്രിക്ക് പ്രൊഫ. കെ.എം. ചാണ്ടിയുടെ പേരിടാനുള്ള ആശുപത്രി വികസന സമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് നഗരസഭാ ഭരണപക്ഷത്തെ 11 പേർ ആവശ്യപ്പെട്ട പ്രകാരമുള്ള അടിയന്തിര കൗൺസിൽ യോഗം ഇന്ന് വൈകിട്ട് 4ന് നടക്കും.
കേരളാ കോൺഗ്രസ് ജോസ് പക്ഷത്തെ 11 പേർ ചേർന്ന് ഒപ്പിട്ട് രേഖാമൂലം കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജോസഫ് പക്ഷത്തുള്ള ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവൻ കൗൺസിൽ യോഗം വിളിച്ചിട്ടുള്ളത്.
' ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവൻ മന:പ്പൂർവ്വം കളിച്ചതിനെ തുടർന്നാണ് കെ. എം.മാണി സാറിന്റെ പേര് മാറ്റി , ജനറൽ ആശുപത്രിക്ക് പ്രൊഫ. കെ. എം. ചാണ്ടിയുടെ പേരിട്ടൻ തീരുമാനമുണ്ടായത്. മാണി സാറിനെ പോലും അവഹേളിക്കുന്ന തരത്തിലുള്ള പടവന്റെ കളി അനുവദിച്ചു കൊടുക്കാനാവില്ല. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ഞങ്ങളിത് ശക്തമായി ഉന്നയിക്കും. ആശുപത്രിക്ക് കോടികൾ അനുവദിച്ച മാണി സാറിന്റെ പേര് തന്നെ ജനറൽ ആശുപത്രിക്ക് ഇടാൻ ഇന്നും ഞങ്ങൾ കൗൺസിലിൽ തീരുമാനം എടുപ്പിച്ചിരിക്കും. ഇതിന് തടസ്സം നിൽക്കുന്നവർ ആരായാലും ഞങ്ങൾ സമ്മതിച്ചു കൊടുക്കില്ല.' ജോസ് വിഭാഗത്തിലെ പ്രമുഖ കൗൺസിലറായ ബിജു പാലൂപ്പടവൻ പറഞ്ഞു.
' ജനറൽ ആശുപത്രിക്ക് പ്രൊഫ. കെ. എം. ചാണ്ടിയുടെ പേരിടാനുള്ള തീരുമാനത്തിൽ കുര്യാക്കോസ് പടവന് ഒരു റോളുമില്ല. ആശുപത്രി വികസന സമിതി യോഗത്തിന്റെ അജണ്ട തയ്യാറാക്കിയത് പടവനല്ല; ആശുപത്രി സൂപ്രണ്ടാണ്. വികസന സമിതി യോഗത്തിൽ പങ്കെടുക്കേണ്ട കടമ ഉണ്ടായിരുന്ന മുൻ ചെയർപേഴ്‌സൺ ബിജി ജോജോ, ഉൾപ്പെടെയുള്ള ജോസ് ഗ്രൂപ്പ് നേതാക്കൾ അതിൽ നിന്ന് മന:പ്പൂർവ്വം വിട്ടു നിന്ന ശേഷം, കുറ്റം മുഴുവൻ കുര്യാക്കോസ് പടവന്റെ മേൽ ചാർത്തുന്നത് ശരിയല്ല. ഇന്നത്തെ കൗൺസിൽ യോഗത്തിൽ പടവനെ വളഞ്ഞിട്ട് ആക്രമിക്കാൻ ജോസ് പക്ഷം ശ്രമിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല ' പടവനോടൊപ്പം നില കൊള്ളുന്ന കൗൺസിലർമാരിൽ പ്രധാനിയായ ടോണി തോട്ടം മുന്നറിയിപ്പു നൽകുന്നു.
പേരിടീലിന്റെ പേരിൽ നഗരസഭാ കൗൺസിലിലെ ജോസ്-ജോസഫ് പക്ഷം ഇന്നത്തെ യോഗത്തിൽ ശക്തി തെളിയിക്കാനൊരുങ്ങുന്നതോടെ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഇക്കാര്യത്തിൽ ഇടതു മുന്നണി കൗൺസിലർമാരുടെയും ബി.ജെ.പി. കൗൺസിലറുടെയും കൂടി പിന്തുണ ഉറപ്പാക്കിക്കൊണ്ട് ഇന്നത്തെ യോഗത്തിൽ ജോസ് പക്ഷത്തെ അടിയറവ് പറയിക്കാനുള്ള തന്ത്രമാണ് ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവൻ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയുന്നു.