പാലാ: 22 കോടി മുടക്കി അന്താരാഷ്ട്ര നിലവാരത്തിൽ പണിതീർത്ത മുനിസിപ്പൽ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തിൽ 4 .45 കോടിയുടെ ഗ്യാലറി നിർമ്മാണവും ലൈറ്റിംഗ് സ്ഥാപിക്കലും, ടോയ്‌ലറ്റ് കോംപ്ലക്‌സും വൈകുന്നു.
പാലാ നഗരസഭയുടെയും വിവിധ കായിക സംഘടനകളുടെയും ആവശ്യത്തെ തുടർന്ന് മുൻ മന്ത്രി കെ.എം.മാണി, അദ്ദേഹത്തിന്റെ എം.എൽ. എ. ആസ്തി വികസന ഫണ്ടിൽ നിന്ന് 2018-19 വർഷത്തിലാണീ തുക അനുവദിച്ചിരുന്നത്.
ഗ്യാലറിക്ക് മാത്രമായി രണ്ട് കോടി രൂപയും ലൈറ്റിംഗ് സിസ്റ്റത്തിന് രണ്ടു കോടി 20 ലക്ഷം രൂപയും ടോയ്‌ലറ്റ് കോംപ്ലക്‌സിന് 25 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പ്രത്യേകം താത്പര്യമെടുത്താണ് അന്നത്തെ പാലാ മുനിസിപ്പൽ സ്റ്റേഡിയം സ്‌പോർട്‌സ് കോംപ്ലക്‌സ്, സ്വിമ്മിംഗ് പൂൾ, ഫുട്‌ബോൾ കോർട്ട്, സിന്തറ്റിക് ട്രാക്ക് എന്നീ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീന സ്‌റ്റേഡിയമാക്കി മാറ്റിയത്.
സംസ്ഥാന സ്‌കൂൾ കായിക മേള, യൂണിവേഴ്‌സിറ്റി കായിക മേളകൾ, എന്നിവയും വിവിധ സംസ്ഥാന തല മത്സരങ്ങളും ഇപ്പോൾ ഈ സ്റ്റേഡിയത്തിൽ തുടർച്ചയായി നടന്നു വരുന്നു.
മത്സരങ്ങൾ വീക്ഷിക്കുവാൻ ഇരിപ്പിട സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി കായിക പ്രേമികളും, കായിക സംഘടനകളും പിന്നീട് കെ.എം.മാണിക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് എം.എൽ.എയ്ക്ക് ഒരു വർഷം അനുവദിക്കാവുന്ന പരമാവധി ആസ്തി വികസന ഫണ്ടായ 5 കോടി രൂപയിൽ നിന്നും 4.45 കോടി രൂപയും പാലാ സ്റ്റേഡിയത്തിനായി മാണി മാറ്റി വെച്ചത്.
ചട്ടപ്രകാരം ഇത്തരം വലിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പ്രത്യേകം അനുമതി കൂടി ആവശ്യമായിരുന്നു. ഇതും കെ.എം.മാണി ഇടപെട്ട് ലഭ്യമാക്കിയിരുന്നു.തുടർ നടപടികൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടൊന്നും ഇക്കാര്യത്തിലുണ്ടായില്ല. ആവശ്യമായ ഫണ്ടും സർക്കാർ അനുമതിയും ലഭ്യമാക്കിയിരുന്നിട്ടും പാലാ സ്റ്റേഡിയത്തെ രാഷ്ട്രീയ ചേരിതിരിവുകളുടെ പേരിൽ ചിലർ അവഗണിക്കുകയാണെന്നാണ് ആരോപണം.
തുക അനുവദിച്ചത് ഇപ്രകാരം
ഗാലറി -- 2 കോടി രൂപ
ലൈറ്റിംഗ് സിസ്റ്റം -- 2.20 കോടി രൂപ
ടോയ്‌ലറ്റ് കോംപ്ലക്സ് -- 25 ലക്ഷം രൂപ