പാലാ: ജൂബിലിത്തിരുനാൾ ഭക്തിസാന്ദ്രം. അമലോത്ഭവമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു നടന്ന പട്ടണപ്രദക്ഷിണം നാടിന് പുണ്യമായി. മരിയഭക്തി വിളിച്ചോതിയ പ്രദക്ഷിണത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്തു. പ്രദക്ഷിണവഴികളിൽ ഭക്തർ കൂപ്പുകരങ്ങളോടെ പരിശുദ്ധ മാതാവിനെ വരവേറ്റു. കത്തിച്ച മെഴുകുതിരികളാലും വർണബലൂണുകളാലും വീടുകളും സ്ഥാപനങ്ങളും അലങ്കരിച്ചിരുന്നു. ജൂബിലിക്കപ്പേള നിറഞ്ഞുനിന്ന വിശ്വാസിസാഗരവും മരിയഭക്തി വിളിച്ചോതി പാലാ സെന്റ് മേരീസ് സ്‌കൂൾ വിദ്യാർഥിനികൾ നടത്തിയ മരിയൻ റാലിയും ബൈബിൾ സംഭവങ്ങളെ ആസ്പദമാക്കി നടത്തിയ ടാബ്ലോ മത്സരവും വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനമായി.
പ്രധാനതിരുനാൾ ദിനമായ ഇന്നലെ രാവിലെ മുതൽ വിശ്വാസികൾ കപ്പേളയിലേയക്ക് ഒഴുകിയെത്തിയിരുന്നു. കൂപ്പുകരങ്ങളോടെ മാതാവിന്റെ സന്നിധിയിൽ പ്രാർഥിച്ചും നേർച്ചകാഴ്ചകൾ സമർപ്പിച്ചും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തും പുഷ്പമാല ചാർത്തിയും വിശ്വാസികൾ തങ്ങളുടെ മാതൃഭക്തി പ്രകടിപ്പിച്ചു. മരിയസൂക്തങ്ങൾ ഉരുവിട്ടും ഭക്തിപൂർവ്വം ജപമാല ചൊല്ലിയും സെന്റ് മേരീസ് സ്‌കൂൾ വിദ്യാർഥിനികൾ നടത്തിയ മരിയൻ റാലി ഭക്തിയുടെ നേരനുഭവമായി. റാലി ടൗൺ ചുറ്റി ജൂബിലിപന്തലിലെത്തിയപ്പോൾ വെള്ളയും നീലയും യൂണിഫോമിലെത്തിയ വിദ്യാർഥിനികൾ തങ്ങളുടെ കരങ്ങളിൽ കരുതിയിരുന്ന തൂവെള്ള പൂച്ചെണ്ടുകൾ ഉയർത്തി വീശി മാതാവിനോടുള്ള ഭക്താദരവുകൾ പ്രകടിപ്പിച്ചു. ഉച്ചയ്ക്ക് നടന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരവും ബൈബിൾ ടാബ്ലോമത്സരവും വീക്ഷിക്കാൻ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. റോഡിനിരുവശവും കെട്ടിടങ്ങളുടെ മുകളിലും ജനം നിറഞ്ഞു. ജൂബിലക്കപ്പേളയിൽ ഇന്നലെ രാവിലെ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ചു. മാർ ജേക്കബ് മുരിക്കൻ തിരുനാൾ കുർബാന അർപ്പിച്ചു. വൈകിട്ട് നാലിന് ആരംഭിച്ച തിരുനാൾ പ്രദക്ഷിണത്തിന് മുത്തുക്കുടകളും വെള്ളിക്കുരിശുകളും വാദ്യമേളങ്ങളും കൊഴുപ്പേകി. പ്രദക്ഷിണം ടൗൺചുറ്റി കപ്പേളയിൽ സമാപിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. കത്തീഡ്രൽ വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടകല്ലേൽ കൃതജ്ഞത പറഞ്ഞു. തിരുനാൾ പരിപാടികൾക്ക് കത്തീഡ്രൽ വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ളാലം പഴയപള്ളി വികാരി ഫാ.ജോൺസൺ പുള്ളീറ്റ്, പുത്തൻപളളി വികാരി ഫാ.ജേക്കബ് വടക്കേൽ, സഹവികാരിമാർ, ട്രസ്റ്റിമാർ, തിരുനാൾ ആഘോഷകമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. രാത്രി പാലാ സെന്റ് തോമസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സൂപ്പർഷോ സ്റ്റേജ് പരിപാടിയും ഹൃദ്യമായി.