പാലാ: ജൂബിലിത്തിരുനാളിനോടനുബന്ധിച്ച് പാലാ സി.വൈ.എം.എൽ സംഘടിപ്പിച്ച അഖിലകേരള നാടകമത്സരത്തിൽ കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ -അമ്മ-യെന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. ചിറയൻകീഴ് അനുഗ്രഹയുടെ സെക്യൂരിറ്റി-ക്കാണ് രണ്ടാം സമ്മാനം. അമ്മ നാടകത്തിന്റെ കഥയും രചനയും ഫ്രാൻസീസ് ടി മാവേലിക്കരയാണ് നിർവഹിച്ചത്. ഇ.എ രാജേന്ദ്രനാണ് സംവിധാനം. മികച്ച നടനായി വെൺകുളം ദിവാകരൻ(സെക്യൂരിറ്റി) തിരഞ്ഞെടുക്കപ്പെട്ടു. അമ്മ നാടകത്തിലെ മഞ്ചു റെജിയാണ് മികച്ച നടി. ഹാസ്യതാരത്തിനുള്ള സമ്മാനം ബൈജു ശ്രാമ്പിക്കലിനാണ് (ആലപ്പുഴ ഭരത് കമ്മ്യൂണിക്കേഷൻ). സംഗീതം-സെബി നായരമ്പലം(അലാറം-ചേർത്തല ജൂബിലി തിയേറ്റേഴ്‌സ്), സ്‌പെഷ്യൽ ജൂറി അവാർഡ്-പൊന്നി അലക്‌സ്(കാലം കാത്തു വച്ചത്-ആലപ്പുഴ ഭരത് കമ്യൂണിക്കേഷൻ), ജനപ്രിയ അവാർഡ്-അമ്മ.
പാലാ. ജൂബിലി ആഘോഷക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബൈബിൾ ടാബ്ലോ മത്സരത്തിൽ സാംസന്റെ മരണം അവതരിപ്പിച്ച മോട്ടി പുന്നത്താനം ആന്റ് ടാക്‌സി ഡ്രൈവേഴ്‌സ് പാലാ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യൂദാസിന്റെ അന്ത്യം അവതരിപ്പിച്ച ടോം ബ്രദേഴ്‌സ് ആന്റ് സൺസ് പാലാ രണ്ടാം സ്ഥാനവും ജയ്‌റോസിന്റെ മകളെ പുനർജീവിപ്പിക്കുന്ന രംഗം അവതരിപ്പിച്ച ഏദൻ സഞ്ചു ആൻഡ് ഗണപതിപ്ലാക്കൽ പാലാ മൂന്നാം സ്ഥാനവും നേടി. ഉയിർപ്പ് പ്ലോട്ട് അവതരിപ്പിച്ച പാലയ്ക്കൽ ബട്ടൺ പാലാ, നീതിമാനായ ജോബ് അവതരിപ്പിച്ച രാജാ സോമിൽ കൊല്ലപ്പള്ളി എന്നിവർക്ക് പ്രോത്സാഹനസമ്മാനവും ലഭിച്ചു.