കോട്ടയം : 13000 കിലോ അരി കടത്തിയതിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് നീറിക്കാട് സപ്ലൈകോ ഗോഡൗണിൽ നിന്ന് വീണ്ടും അരികാണുന്നില്ലെന്ന് പരാതി. 12 ലോഡ് അരിയുടെ വ്യത്യാസമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വിജിലൻസിന്റെ മിന്നൽ പരിശോധയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിലാണ് വ്യത്യാസം കണ്ടെത്തിയത്. ഇതു സംബന്ധിച്ച് വകുപ്പ് സെക്രട്ടറിയ്‌ക്ക് സപ്ലൈ ഓഫീസർ റിപ്പോർട്ട് നൽകി. പഴയ ജില്ലാ സപ്ലൈ ഓഫീസർ വിതരണം ചെയ്‌ത അരി സ്റ്റോക്ക് രജിസ്റ്ററിൽ കുറവ് ചെയ്യാത്തതാണ് ക്രമക്കേടായി തോന്നുന്നതെന്ന വാദമാണ് ഗോഡൗൺ അധികൃതരുടേത്.
കഴിഞ്ഞ മാസം വിജിലൻസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നു 260 ചാക്ക് അരി കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ അരി ആലുവയിലെ സ്വകാര്യ മില്ലിലേയ്‌ക്കാണ് കടത്തിയത്. തുടർന്ന് വിജിലൻസ് അരി കടത്തിയ കരാറുകാരനും, ലോറി ഡ്രൈവർക്കും, ആലുവയിലെ സ്വകാര്യ മില്ലിനും എതിരെ കേസെടുത്തിരുന്നു. വ്യക്തത വരുത്തുന്നതിനായി അരിയുടെ കണക്ക് അടക്കമുള്ളവ സിവിൽ സപ്ലൈസ് വകുപ്പിന് അയച്ചു നൽകിയിരിക്കുകയാണ്.
അരിമാറ്റിയും വൻ തട്ടിപ്പ്
റേഷൻ കടകളിൽ വിതരണം ചെയ്യാൻ എത്തിക്കുന്ന അരി ഗോഡൗണിലേയ്‌ക്ക് എത്തും മുൻപ് ഗുണനിലവാരമില്ലാത്തവ തിരുകി കയറ്റി തട്ടിപ്പ് നടത്തുന്നതായും ആക്ഷേപം. തമിഴ്‌നാട്ടിൽ സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ അരിയാണ് ഇത്തരത്തിൽ വ്യജമായി തിരുകിക്കയറ്റുന്നത്. ഗോഡൗൺ അധികൃതരുടെയും, ഇടനിലക്കാരുടെയും ഒത്താശയോടെയാണ് തട്ടിപ്പ് നടക്കുന്നത്.
കണക്ക് പരിശോധിക്കും
അരി കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യമായ പരിശോധനകൾ ഉണ്ടാകും. നിലവിൽ ഗോഡൗൺ അധികൃതർ നൽകിയ വിശദീകരണം പരിശോധിച്ച് വരികയാണ്.
ഉണ്ണികൃഷ്‌ണൻ,ജില്ലാ സപ്ലൈ ഓഫീസർ