കോട്ടയം : കെ.കെ റോഡിൽ നിയന്ത്രണം വിട്ട ശബരിമല തീർത്ഥാടകരുടെ വാഹനം സ്‌കൂട്ടറിൽ ഇടിച്ച് മണർകാട് മെർലിൻ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ ഏന്തയാർ കല്ലുവാതുക്കൽ കെ.കെ വിനോദ് (48) മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്ന അപകടം. ഇല്ലിവളവിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന വിനോദ് പതിനാലാംമൈൽ ഭാഗത്തേയ്‌ക്കു പോകുന്നതിനിടെ എരുമേലി ഭാഗത്തു നിന്നു എത്തിയ തീർത്ഥാടക വാഹനം ഇടിക്കുകയായിരുന്നു. നാട്ടുകാരും വാഹത്തിലുണ്ടായിരുന്ന അയ്യപ്പൻമാരും ചേർന്ന് വിനോദിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാമ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്കു വിട്ടു നൽകും. ഭാര്യ : ജയ. മക്കൾ : അമൽ, അഭിൻ.