kisan-sang

ചങ്ങനാശേരി: നെല്ല് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഷെഡ്യൂൾ ബാങ്കുകൾ കർഷകർക്ക് പണം നൽകാത്ത സാഹചര്യത്തിൽ രണ്ടാംകൃഷിയുടെ നെല്ലിന്റെ വില അടിയന്തിരമായി സഹകരണ ബാങ്കുകൾ വഴി കർഷകർക്ക് നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കണമെന്ന് സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് നേതൃസമ്മേളനം ആവശ്യപ്പെട്ടു. 2018ലെ കൃഷിയുടെ തുക സപ്ലൈകോ ഇതു വരെ ബാങ്കുകൾക്ക് നൽകാത്ത സാഹചര്യമാണ് ഉള്ളത്. ഇതുമൂലം പി.ആർ.എസ് നൽകി ഷെഡ്യൂളു ബാങ്കുകളിൽ നിന്നും കാർഷിക വായ്പയെടുത്ത കർഷകർ ഇപ്പോൾ സിബിൽ ലിസ്റ്റിൽ ഉൾപ്പെട്ടത് കർഷക വഞ്ചനയാണെന്നും യോഗം ആരോപിച്ചു. നവംബർ 20ന് കോട്ടയം, ആലപ്പുഴ ജില്ലകളിൽ കർഷക രക്ഷായാത്ര നടത്തും. 2015ലെ സംസ്ഥാന കാർഷിക വികസന നയത്തിൽ അംഗീകരിച്ചിരിക്കുന്ന 10000 രൂപ പെൻഷൻ കർഷകർക്ക് ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തുടർച്ചയായ പ്രളയക്കെടുതികൾ മൂലം കൃഷി നശിച്ച കർഷകരുടെ കാർഷിക വായ്പകൾ കേന്ദ്രസംസ്ഥാന സർക്കാരുകൾ ഏറ്റെടുത്ത് എഴുതി തള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കൺവീനർ ഔസേപ്പച്ചൻ ചെറുകാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബിനോയ് തോമസ് കണ്ണൂർ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ജോസി കുര്യൻ പുതുമന മുഖ്യപ്രഭാഷണം നടത്തി. കർഷകവേദി ചെയർമാൻ ജിജി പേരകശ്ശേരി, കെ.എൽ.എം കർഷകവേദി കൺവീനർ ജോളിച്ചൻ നാല്പതാംകളം, കർഷയൂണിയൻ (എം) ആലപ്പുഴ ജില്ലാ സെക്രട്ടറി സി.റ്റി തോമസ് കാച്ചാംകോടം, കർഷക ഫെഡറേഷൻ ഭാരവാഹികളായ കറിയാച്ചൻ ചേന്നങ്കര, മോഡി തോമസ്, കെ.ജെ ജയിംസ്, റെജി കൊച്ചുപറമ്പിൽ, പാപ്പച്ചൻ നെല്ലൂർ എന്നിവർ പങ്കെടുത്തു.