തലയോലപ്പറമ്പ്: നെല്ല് സംഭരണം ഫലപ്രദമായി നടപ്പാക്കണമെന്ന് കർഷകസംഘം കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിലെ നെൽകർഷകരുടെ നെല്ല് യഥാസമയം സംഭരിക്കുന്നതിനും സംഭരിച്ച നെല്ലിന്റെ പണം നൽകുന്നതിന്നതിലും വീഴ്ചയുണ്ടായി. കേന്ദ്രഗവൺമെന്റ് സബ്‌സിഡി യഥാസമയം ലഭിക്കാത്തതിനാൽ കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയും നെല്ലിന്റെ ഉൽപ്പാദന ബോണസും പൂർണ്ണമായും കൃഷിക്കാർക്ക് നൽകാൻ കഴിഞ്ഞില്ല. നെല്ലിന്റെ താരയുടെ പേരിൽ സ്വകാര്യ മില്ലുടമകൾ തർക്കങ്ങൾ ഉന്നയിക്കുന്നത് മൂലം നെല്ല് സംഭരണം യഥാസമയം നടത്തുവാൻ കഴിയാതെ വരുന്നതോടെ നെല്ല് പാടത്ത് തന്നെ സൂക്ഷിക്കേണ്ടി വരുന്നു. ഇത് മൂലം കൃഷിക്കാർ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. ഇതിന് പരിഹാരമായി കുറവിലങ്ങാട് സർക്കാരിന്റെ കൈവശമുള്ള ആറ് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറിയും കെട്ടിടവും പ്രയോജനപ്പെടുത്തി പൊതുമേഖലയിൽ ഒരു റൈസ് മില്ല് സ്ഥാപിക്കുന്നതിനും കുട്ടനാട് അപ്പർ കുട്ടനാട് മേഖലയിലെ നെല്ല് സംഭരിക്കുവാൻ സംഭരണ ശാല നിർമ്മിച്ച് സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽ നിന്നും കൃഷിക്കാരെ രക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് നീട്ടണമെന്നും കേരളത്തലെ ക്ഷീരകർഷക ഭക്ഷ്യ ഉൽപ്പാദന കൃഷിക്കാർക്ക് സമഗ്ര കാർഷിക ഇൻഷുറൻസ് പദ്ധതി ആരംഭിക്കണമെന്നും, കാർഷിക വിളകളുടെ വില തകർച്ചക്ക് പരിഹാരം കാണാൻ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഫാക്ടറികൾ സ്ഥാപിക്കണമെന്നും, കാഞ്ഞിരപ്പള്ളി മീനച്ചിൽ താലൂക്കിലെ തോട്ടം പുരയിടം ഭൂമി പ്രശ്‌നം പരിഹരിക്കണമെന്നും, വെളിച്ചണ്ണ, സോൾവവെന്റ് വെളിച്ചെണ്ണ, റിഫൈൻഡ് വെളിച്ചെണ്ണ, ടെക്സ്രറാ ഓയിൽ എന്നീ ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി നിയമത്തിൽ വ്യത്യസ്ഥമായ എച്ച്എസ്എൻ കോഡുകൾ പ്രഖ്യാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.