കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനം നാളെ പുലർച്ചെ രണ്ടര മുതൽ നടക്കും. ദേവിയുടെ ആട്ടപ്പിറന്നാളായ വൃശ്ചികമാസത്തെ കാർത്തിക ദർശനത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു. ഭരണി വിളക്കിൽ പങ്കെടുത്തശേഷം ആയിരക്കണക്കിന് ഭക്തർ ക്ഷേത്രാങ്കണത്തിൽ തങ്ങുകയാണ്. കാർത്തിക ദർശനം കഴിഞ്ഞ് രാവിലെ ആറാട്ടുകടവിലേക്കുള്ള എഴുന്നള്ളിപ്പ് നടക്കും. വൈകുന്നേരം തൃക്കാർത്തിക ദേശവിളക്കും ദർശിക്കാനാവും. ഈ സമയം കുമാരനല്ലൂരിൽ ദേവഗണങ്ങൾ മുഴുവൻ എത്തുമെന്നാണ് ഐതീഹ്യം. വൈകിട്ട് കാർത്തിക ദേശവിളക്കും എഴുന്നള്ളിപ്പും നടക്കുമ്പോൾ നാട് എണ്ണ വിളക്കുകളുടെയും മൺചെരാതുകളുടെയും ശോഭയിൽ മുങ്ങും. ബുധനാഴ്ച രാത്രി ആറാട്ടോടെ പത്തുദിവസത്തെ ഉത്സവം സമാപിക്കും. നട്ടാശേരി ഇടത്തിൽ മണപ്പുറം കടവിലാണ് ആറാട്ട് എഴുന്നള്ളിപ്പ്.