mangrove

കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന് കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ തണ്ണീർത്തടങ്ങൾ പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാമെന്ന് സർക്കാർ പറഞ്ഞിട്ടും നാലു ജില്ലക്കാർ കേട്ട മട്ടില്ല.

റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള കണ്ടൽസ്ഥലങ്ങൾ ഏറ്റെടുക്കാൻ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തെ ചുമതലപ്പെടുത്തിയത് കഴിഞ്ഞ പ്രളയത്തിനു ശേഷം. അതിവർഷം ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങൾക്കു കാരണം കണ്ടൽക്കാടുകളുടെ നശീകരണം കൂടിയാണെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു പദ്ധതി. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്താൻ കണ്ടൽക്കാടുകൾ അതേപടി സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. പറഞ്ഞിട്ടെന്ത്, തലസ്ഥാന ജില്ല ഉൾപ്പെടെ നാലു ജില്ലകൾ ഇതുവരെ ഒരു സെന്റ് ഭൂമി പോലും ഏറ്റെടുത്തില്ല. 10 ജില്ലകളിലാണ് കണ്ടൽച്ചെടികളുള്ളത്. ഏറ്റവും കൂടുതൽ ഭൂമി കണ്ണൂരിൽ- 1112.778 ഹെക്ടർ.

ഭൂമി കൈമാറാത്ത ജില്ലകൾ

 തിരുവനന്തപുരം,​ കോട്ടയം,​ ആലപ്പുഴ,​ എറണാകുളം


ഭൂമി കൈമാറിയ ജില്ലകൾ (ഭൂമി ഹെക്ടറിൽ)​

കൊല്ലം -2.428

തൃശൂർ- 9.3324

മലപ്പുറം- 8.422

കോഴിക്കോട്- 4.08

കണ്ണൂർ -15.0499

കാസർകോട്- 2.1608

സംസ്ഥാനത്ത് ആകെ കണ്ടൽഭൂമി- 1749.027 ഹെക്ടർ

സർക്കാരിന്റെ കൈവശം- 300 ഹെക്ടർ

പുതുതായി കൈമാറുന്നത് - 41.4711 ഹെക്ടർ

 പരിസ്ഥിതിയുടെ ജീവൻ

പുഴയും കടലും ചേരുന്നിടത്തും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്നതാണ് കണ്ടൽക്കാടുകൾ. ആഴം കുറഞ്ഞതും വളക്കൂറുള്ളതും ഉപ്പിന്റെ അംശം ഉള്ളതുമായ വെള്ളത്തിലാണ് കണ്ടൽക്കാടുകൾ കൂടുതൽ വളരുക.

 മത്സ്യ സമ്പത്തിന്റെ ഉറവിടം

 ദേശാടന, ജലപ്പക്ഷികളുടെ ആവാസസ്ഥാനം

 വെള്ളപ്പൊക്കവും കരയിടിച്ചിലും തടയും

 ഉപ്പുവെള്ളം തള്ളിക്കയറുന്നത് പ്രതിരോധിക്കും