കോട്ടയം: കൃഷി മേഖലയ്ക്ക് വകയിരുത്തിയ പണം പൂർണ്ണമായി ചെലവഴിച്ചത് മൂന്നു പഞ്ചായത്തുകൾ മാത്രം. അഞ്ചു നഗരസഭങ്ങൾ ഒരു രൂപ പോലും ചെലവഴിച്ചില്ല. ഇതേത്തുടർന്ന് ഫണ്ട് വകമാറ്റാൻ സർക്കാർ നിർദേശം നൽകി. ആകെ നീക്കിവച്ച പണത്തിൽ നാലുകോടിയോളം രൂപ മാത്രമാണ് ചെലവഴിച്ചത്. 30 കോടി രൂപ ബാക്കിയുണ്ട്. ഇതാണ് വക മാറ്റുന്നത്.

കാർഷിക മേഖലയുടെ വികസനത്തിനായി നീക്കിവച്ച തുക ചെലവഴിക്കാതെ ഉദ്യോഗസ്ഥർ കടുത്ത അലംഭാവമാണ് കാട്ടിയത്. ജൂൺ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് തുക ഉപയോഗിക്കേണ്ടത്. ഓരോ മാസവും നിശ്ചിത ശതമാനം തുക ചെലവഴിച്ചില്ലെങ്കിൽ ബാക്കിയുള്ള പണം കണക്കാക്കി വകമാറ്റാനാണ് സർക്കാർ നിർദേശം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ ഇത്തരത്തിലുള്ള നിർദേശം നൽകിയത്.

 പുറംബണ്ട് മുതൽ അടിസ്ഥാന സൗകര്യ വികസനം വരെ ജില്ലാ പഞ്ചായത്ത് മുതൽ പഞ്ചായത്തുകളും നഗരസഭകളും ഫണ്ട് നീക്കിവച്ച പദ്ധതികൾ നിരവധിയാണെങ്കിലും ഒന്നും നടപ്പായില്ല. പടിഞ്ഞാറൻ മേഖലയിലെ പാടങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തൽ,​ നെൽകർഷകരുടെ കൂലി ചെലവ്,​ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പദ്ധതികളിൽ ഒന്നും നടപ്പായില്ല. പടിഞ്ഞാറൻ മേഖലയിൽ മടപൊട്ടൽ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ പുറംബണ്ട് ബലപ്പെടുത്തൽ കർഷകർക്ക് ആശ്വാസമാകേണ്ടതായിരുന്നു.

ഒന്നും ചെയ്യാത്ത നഗരസഭകൾ

കോട്ടയം,​ ഏറ്റുമാനൂർ,​ ചങ്ങനാശേരി,​ ഈരാറ്റുപേട്ട,​ വൈക്കം

ഉദ്യോഗസ്ഥരുടെ പിഴവുമൂലം കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാകുകയാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം പണം നഷ്ടമാകാതിരിക്കാനുള്ള ഇടപെടലും ഉണ്ടാവണം

എബി ഐപ്പ്,​ കർഷകൻ

 ജില്ലയിൽ കാർഷിക മേഖലയിലെ 30 കോടി രൂപ വകമാറ്റും

 പദ്ധതികൾ പൂർത്തിയാക്കാൻ കൃഷി വകുപ്പ് വിമുഖത കാട്ടി
 തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചത് 4 കോടി രൂപ മാത്രം