ചങ്ങനാശേരി: ചെലവഴിച്ചത് ലക്ഷങ്ങൾ, പക്ഷേ എന്ത് ഫലമെന്ന് മറുചോദ്യം. മനയ്ക്കച്ചിറ ടൂറിസം പദ്ധതിയെ വിലയിരുത്തിയാൽ നിരാശയാണ് ഫലം. ഇപ്പോൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമിച്ച മണ്ഡപങ്ങളും തകർന്നു തുടങ്ങി. പോളയും മാലിന്യവും തിങ്ങി നിറഞ്ഞു കനാൽ ജനങ്ങൾക്കു ദുരിതമാകുകയാണ്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ വിഭാവനം ചെയ്ത മനയ്ക്കച്ചിറ ടൂറിസം പദ്ധതി നാശത്തിന്റെ വക്കിലെന്ന് നാട്ടുകാർ ഒരേസ്വരത്തിൽ പറയും. പദ്ധതിയുടെ തുടർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ അതിനായി ചെലവഴിച്ച 1.20 കോടി രൂപയും വെളളത്തിലാകുമെന്ന സ്ഥിതിയാണ്. മലയോര മേഖലയേയും കുട്ടനാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടനാട്ടുകാരുടെ സ്വപ്ന പദ്ധതിയാണ് മനയ്ക്കച്ചിറ ടൂറിസം പദ്ധതി. 2011 മാർച്ച് രണ്ടിനായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. ചങ്ങനാശേരി മുതൽ മങ്കൊമ്പ് വരെയുളള 20 കി.മീ.നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും കിഴക്കുനിന്ന് ഒരു കിലോമീറ്റർ നീളത്തിൽ എ.സി. കനാലിന്റെ ഭാഗങ്ങളിലെ സൗന്ദര്യവൽക്കരണങ്ങളാണ് പ്രധാനമായും നടന്നത്.സി.എഫ്. തോമസ് എം.എൽ.എ മുൻകൈയെടുത്ത് ടൂറിസം വകുപ്പ് അനുവദിച്ച 33 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യം നടത്തിയത്.രണ്ടാം ഘട്ടമെന്ന നിലയിൽ 2005ൽ 39 ലക്ഷം രൂപയുടേയും അന്തിമ ഘട്ടമെന്ന നിലയിൽ 49 ലക്ഷം രൂപയും ഇതിനായി ചെലവഴിച്ചു. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി എ.സി കനാലിന് വടക്കുഭാഗത്ത് എ.സി. റോഡിനും കനാലിനും സമാന്തരമായി പവലിയൻ നിർമ്മിക്കുകയും തറയിൽ ടൈൽസ് പാകുകയും ചെയ്തിരുന്നു.കൂടാതെ ചുറ്റു മതിൽ നിർമ്മാണവും ചുറ്റും കമ്പി ഉപയോഗിച്ച് വേലിക്കെട്ടുകളും നിർമ്മിച്ചു. കനാലിന്റെ മധ്യഭാഗത്തായി കനാൽ സൗന്ദര്യം ആസ്വദിക്കാൻ പാകത്തിൽ മണ്ഡപവും നിർമ്മിച്ചിരുന്നു. ചുറ്റിനും അലങ്കാര വിളക്കുകളും സ്ഥാപിച്ചു. എന്നാൽ ഇതും ഇപ്പോൾ നശിച്ചു. എന്നാൽ പദ്ധതിയുടെ ഇന്നത്തെ അവസ്ഥ വിലയിരുത്തിയാൽ പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്ന് പറയാം.
പരിഹാരമില്ല, മാലിന്യപ്രശ്നത്തിന്
ചങ്ങനാശേരി പട്ടണത്തിലെ മുഴുവൻ മാലിന്യങ്ങളും ആവണിത്തോട്ടിലൂടെ കനാലിൽ ഒഴുകിയെത്തുന്നതിന് പരിഹാരമുണ്ടാക്കാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ലക്ഷങ്ങൾ മുടക്കി പവലിയൻ നിർമ്മിച്ചെങ്കിലും പൊതുജനത്തെ ആകർഷിക്കാൻ കനാലിൽ ഒന്നും സജ്ജീകരിച്ചിട്ടുമില്ല. പെഡൽ ബോട്ടുകൾ സജ്ജീകരിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ നടപ്പിലായില്ല. നഗരസഭ മുൻകൈയെടുത്ത് ഓണാഘോഷത്തിന്റെ ഭാഗമായി വള്ളംകളിയും എ.സി.കനാലിൽ നടത്തിയിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി വള്ളംകളി മുടങ്ങിയിരിക്കുകയാണ്. കനാൽ സംരക്ഷണത്തിനു സമിതി രൂപവത്കരിച്ചെങ്കിലും തുടർസംരക്ഷണവും നടന്നില്ല.