കോട്ടയം: നല്ല ചൂടു ദോശയും, ഓംലറ്റും കിട്ടിയാൽ ആരും ഇടം വലം നോക്കാതെ കഴിച്ചിരിക്കും. പന്ത്രണ്ടിന് അൽപം പ്രതിഷേധം കലർത്തിയാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം നഗരത്തിൽ ഈ ദോശയും ഓംലറ്റും വിതരണം ചെയ്യുന്നത്. പക്ഷേ, ഒപ്പം സാമ്പാറും, സവാളയുമുണ്ടാകില്ല...! വിലക്കയറ്റത്തിനെതിരായ പ്രതിഷേധമായാണ് 12ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത്തരത്തിലൊരു പ്രതിഷേധം നടത്തുന്നത്. വൈകിട്ട് മൂന്നരയ്‌ക്ക് ശീമാട്ടി റൗണ്ടാനയ്‌ക്കു സമീപം പോസ്റ്റ് ഓഫിസിനു മുന്നിലാണ് അസോസിയേഷന്റെ ധർണയും പ്രതിഷേധ ദോശയും ഓംലറ്റ് വിതരണവും നടക്കുക.

ഹോട്ടൽ ആൻഡ് റസ്റ്ററന്റ് മേഖലയെ തകർക്കുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ ധർണ നടത്തുന്നത്. ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ ട്രഷറർ പി.എസ് ശശിധരൻ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആർ.സി നായർ, ജില്ലാ വൈസ് പ്രസിഡന്റ് സി.ടി സുകുമാരൻ നായർ, അൻസാരി പത്തനാട് എന്നിവർ നേതൃത്വം നൽകും.