പായിപ്പാട്: പായിപ്പാട് ഗ്രാമപഞ്ചായത്തിലെ പുത്തൻകാവ് ദേവീക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന മാവേലിസ്റ്റോർ അടച്ചുപൂട്ടൽ ഭീഷണിയിൽ. മാവേലി സ്റ്റോർ ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമ അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പകരം അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ 15 വർഷത്തിലധികമായി പുത്തൻകാവ് ദേവീക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിലാണ് മാവേലിസ്റ്റോർ പ്രവർത്തിക്കുന്നത്. മാവേലി സ്റ്റോർ ഒഴിയണമെന്നാവശ്യപ്പെട്ട് ഏറെക്കാലം മുമ്പേ കെട്ടിട ഉടമ പായിപ്പാട് പഞ്ചായത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. കഴിഞ്ഞദിവസം ഉടമസ്ഥർ കെട്ടിടം താഴിട്ടു പൂട്ടി. പിന്നീട് ചർച്ചയെ തുടർന്ന് മാർച്ച് വരെ സമയം നീട്ടി നൽകിയതനുസരിച്ച് സ്റ്റോർ തുറന്നു പ്രവർത്തിക്കുകയായിരുന്നു. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഏക മാവേലിസ്റ്റോറാണിത്. മാവേലിസ്റ്റോർ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിട്ടും പകരം കെട്ടിടം കണ്ടെത്തി നൽകാനോ, ബദൽക്രമീകരണം ഏർപ്പെടുത്താനോ പായിപ്പാട് ഗ്രാമപഞ്ചായത്ത് തയാറാകുന്നില്ലെന്ന ആരോപണം ഇതോടെ ശക്തമാണ്.
സമരത്തിനൊരുങ്ങി സംഘടനകൾ
വിഷയത്തിൽ പായിപ്പാട് ഗ്രാമപഞ്ചായത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തി. മാവേലിസ്റ്റോർ ഉചിതമായസ്ഥലം കണ്ടെത്തി നിലനിറുത്താൻ ഗ്രാമപഞ്ചായത്ത്
അടിയന്തിരമായി ഇടപെടണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സജി ജോൺ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ലൂക്കാസ് മാമ്മൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് മെമ്പർ വിനുജോബ്, ജില്ലാ സെക്രട്ടറി ജെയിംസ് ജോസഫ്, നിയോജകമണ്ഡലം ഭാരവാഹികളായ എ.എൻ. സാബുക്കുട്ടൻ, ബേബിച്ചൻ പ്രക്കാട്ട്, മണ്ഡലം ഭാരവാഹികളായ ഡേവിഡ് ജയിൻ ഗാർഡൻസ്, കെ.സി. ചാക്കോ തോപ്പിൽ, എം.എം. ശശിധരൻ, ജോസഫ് മാത്യൂ, നിഥിൻ ജോർജ്, റ്റോജി കളത്തിപറമ്പിൽ എന്നിവർ പങ്കെടുത്തു.