ഈരാറ്റുപേട്ട: അടുത്ത നൂറു ദിവസത്തിനുള്ളിൽ നഗരസഭ പൂർത്തീകരിക്കാനുദ്ദേശിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് കർമപരിപാടികൾ ആവിഷ്‌കരിച്ചതായി നഗരസഭാ ചെയർമാൻ വി.എം. സിറാജ് അറിയിച്ചു. പുതിയ നഗരസഭാ സമുച്ചയം, മാലിന്യ നിർമ്മാർജ്ജനം, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ, വിവിധ റോഡുകളുടെ ടാറിംഗ്, ഗതാഗത പരിഷ്‌ക്കാരം, മെഗാ മെഡിക്കൽ ക്യാമ്പ്, 'മംഗല്യം 20" പദ്ധതിയിലൂടെ 10 നിർദ്ധന യുവതികളുടെ വിവാഹം എന്നിവക്കാണ് നൂറുദിന കർമപരിപാടികളിൽ മുൻഗണന. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെയും മുട്ടം ജംഗ്ഷനിലെയും കംഫർട്ട് സ്റ്റേഷനുകൾ നവീകരണ പ്രവർത്തനങ്ങൾ നടത്തി നടത്തിപ്പ് കുടുംബശ്രീയെ ഏൽപിക്കും. പി.എം.ജെ.വി.കെ പദ്ധതിയിലുൾപ്പെടുത്തി ഷെഡ് അഗ്രിക്കൾച്ചറൽ മാർക്കറ്റ് ഹബ്, സ്‌കിൽ ഡവലപ്‌മെന്റ് സെന്റർ എന്നിവ നിർമിക്കും.
പി.എം.എ.വൈ പദ്ധതിയുടെ അഞ്ചാം ഘട്ട ഡി.പി.ആർ നടപ്പാക്കുമെന്നും ഇതുവഴി നൂറ്റിനാൽപതോളം പേർക്ക് പുതുതായി വീട് ലഭിക്കുമെന്നും ചെയർമാൻ പറഞ്ഞു.
മറ്റു പ്രധാന പദ്ധതികൾ
ഐ.പി യൂണിറ്റ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും
മാർക്കറ്റ് കോംപ്ലക്‌സ് ഈ മാസം തന്നെ ലേലം ചെയ്യും
മാലിന്യനിർമാർജനത്തിന് പദ്ധതികൾ
ഹരിതകർമസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും
വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായി ഫുഡ് ഫ്രീസർ സ്ഥാപിക്കും
ട്രാഫിക് പരിഷ്‌ക്കാരം നടപ്പാക്കും
സ്ട്രീറ്റ് ലൈറ്റിന്റെ ജോലികൾ ഉടൻ തുടങ്ങും
മുടങ്ങിക്കിടക്കുന്ന സൈറൺ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങും
ക്ലോക്ക് ടവറോട് കൂടിയ അഹമ്മദ് കുരിക്കൾ സ്‌ക്വയർ സ്ഥാപിക്കും
-- സി.എൽ.എസ്.എസ് പദ്ധതി പ്രകാരം പലിശ കുറഞ്ഞ വായ്പ ലഭ്യമാക്കുന്നതിനായി പ്രമുഖ ബാങ്കുകളെ പങ്കെടുപ്പിച്ച് ലോൺ മേള സംഘടിപ്പിക്കും.കിഫ്ബിയിൽ നിന്ന് നഗരസഭക്ക് അനുവദിച്ച എട്ടരക്കോടി ഉപയോഗപ്പെടുത്തി നഗരസഭാ സമുച്ചയ നിർമാണത്തിന് ഇക്കാലയളവിൽ തുടക്കം കുറിക്കാനും കഴിയും
വി.എം. സിറാജ് -- ചെയർമാൻ, ഈരാറ്റുപേട്ട നഗരസഭ