പാലാ: ഒടുവിൽ ളാലം പാലം ജംഗ്ഷനിലെ കംഫർട്ട് സ്റ്റേഷന് വാതിലുകൾ പിടിപ്പിച്ചു.വിജാഗിരി ഇളക്കി വാതിലുകൾ പറിഞ്ഞു പോയ നിലയിൽ മാസങ്ങളോളം ഉപയോഗശൂന്യമായി കിടന്ന നഗരസഭാ കംഫർട്ട് സ്റ്റേഷന്റെ ദുരവസ്ഥ ''കേരള കൗമുദി'' മൂന്നാഴ്ച മുമ്പ് റിപ്പോർട്ടു ചെയ്തിരുന്നു. കതകുകൾ ഇല്ലാത്തതു മൂലം ലോറി സ്റ്റാൻഡിനോടു ചേർന്നുള്ള കംഫർട്ട് സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാനാവാത്ത ഗതികേടും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന് ഈ വാർത്തയും പ്രശ്‌നവും പാലാ നഗരസഭാ യോഗത്തിലും ചർച്ചയായി. വാർത്ത ചൂണ്ടിക്കാട്ടി ബി.ജെ.പി. പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടമാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. തുടർന്ന് ഉടൻ കംഫർട്ട് സ്റ്റേഷന്റെ വാതിലുകൾ പിടിപ്പിച്ച് പ്രവർത്തനക്ഷമമാക്കാൻ കൗൺസിൽ യോഗം മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ രാവിലെ കംഫർട്ട് സ്റ്റേഷന് പുതിയ വാതിലുകൾ പിടിപ്പിച്ചു.