അയ്മനം: സമ്പൂർണ്ണ നെൽകൃഷി ഗ്രാമമാകാനൊരുങ്ങി അയ്മനം ഗ്രാമപഞ്ചായത്ത്. അടുത്തയാഴ്ച്ച മള്ളൂർ പാടത്ത് വിത്തെറിയുന്നതോടെ അയ്മനത്തെ മുഴുവൻ പാടങ്ങളിലും നെൽകൃഷി നിറയും. 1300 ഹെക്ടർ നെൽപ്പാടമാണ് ഇവിടെയുള്ളത്. ഇതിനകം പുഞ്ചകൃഷി ആരംഭിച്ച 920 ഹെക്ടർ പാടത്ത് നെൽച്ചെടികൾ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലാണ്.

ജലസേചന സൗകര്യങ്ങളുടെ അപര്യാപത മൂലം 20 വർഷമായി മള്ളൂർ പാടം തരിശു കിടക്കുകയായിരുന്നു. മീനച്ചിലാറ്റിൽനിന്ന് പാടത്തേക്കുള്ള കുടയംപടി തോട് നികന്ന് നീരൊഴുക്ക് നിലച്ചിരുന്നു. നെൽകൃഷി പുനരാരംഭിക്കുന്നതിന് പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്ക് പാടശേഖര സമിതിയും കർഷകരും പിന്തുണയേകി.

രണ്ടു കിലോമീറ്റർ നീളത്തിലുള്ള തോട് ആഴം കൂട്ടി വൃത്തിയാക്കുന്നതിനും വൈദ്യുതി കണക്ഷൻ ഉൾപ്പെടെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പഞ്ചായത്ത് 12 ലക്ഷം രൂപയും ജലസേചന വകുപ്പ് നാല് ലക്ഷം രൂപയും നൽകി. മോട്ടോർ പെട്ടിയും പറയും വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു നൽകുകയും ചെയ്തതോടെ മള്ളൂർ പാടശേഖരം കൃഷിയ്ക്ക് സജ്ജമായി --എ.കെ.ആലിച്ചൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

 ആകെ നെൽപ്പാടം -- 1300 ഹെക്ടർ