വൈക്കം : ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്ക് ഇന്ന് രാത്രി 11 ന് നടക്കും. വിശേഷാൽ പൂജകൾക്ക് ശേഷം ഭഗവന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. ഗജവീരൻ പാറമേക്കാവ് ശ്രീപത്മനാഭൻ തിടമ്പേ​റ്റും. വലിയ ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പാണ് കാർത്തിക ദിനത്തിൽ നടക്കുക. കട്ടിമാലകളും പട്ടുടയാടകളും കൊണ്ട് അലങ്കരിക്കുന്ന ദേവസേനാപതിയുടെ വിഗ്രഹത്തിൽ നാലടിയോളം വരുന്ന സ്വർണ്ണ നിർമ്മിതമായ ശക്തിവേലും ചാർത്തും. ചെറുശ്ശേരി രാജ, തോട്ടയ്ക്കാട് കണ്ണൻ, തോട്ടയ്ക്കാട് രാജശേഖരൻ, നെല്ല്യക്കാട്ട് മഹാദേവൻ എന്നി ഗജവീരന്മാർ അകമ്പടി സേവിക്കുന്ന കാർത്തിക എഴുന്നള്ളിപ്പിന് സ്വർണ്ണ താലേക്കെട്ടും സ്വർണ്ണ കുടയും ഉപയോഗിക്കും. ടി.പി. എൻ രാമനാഥൻ, പാണ്ടമംഗലം പി.ജി യുവരായ്, ആലപ്പുഴ എസ്. വിജയകുമാർ, ചെറായ് മനോജ് എന്നിവർ മേളം ഒരുക്കും. ഭക്തജനങ്ങൾ നിറദീപങ്ങളും നിറപറകളും കരിക്കിൻ കുല, വാഴക്കുല, മുത്തുക്കുട തുടങ്ങിയ അലങ്കാരങ്ങളും ഒരുക്കി ഉദയനാപുരത്തപ്പനെ വരവേൽക്കും.
താരാകാസുരൻ, ശൂരപത്മൻ എന്നീ അസുരൻമാരെ നിഗ്രഹിച്ച ശേഷം വരുന്ന ഉദയനാപുരത്തപ്പനെ ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേ​റ്റ പുണ്യമുഹൂർത്തമാണ് കാർത്തികയായി കൊണ്ടാടുന്നത്.
ഇന്ന് ക്ഷേത്രത്തിൽ ഗജപൂജ നടത്തും' രാവിലെ 11ന് ശേഷം ആനപന്തലിൽ പാറമേക്കാവ് ശ്രീപത്മനാഭൻ എന്ന ഗജവീരനെ പ്രത്യക്ഷ ഗണപതിയായി സങ്കൽപ്പിച്ചണ് ഗജപൂജ നടത്തുന്നത്. 4 ന് നാലമ്പലത്തിന്റെ തെക്കേ തിരുമു​റ്റത്ത് നടക്കുന്ന ആനയൂട്ടിൽ പാറമേക്കാവ് ശ്രീ പത്മനാഭൻ, തോട്ടയ്ക്കാട് കണ്ണൻ, തോട്ടയ്ക്കാട് രാജശേഖരൻ, ചെറുശേരി രാജ, നെല്ല്യക്കാട് മഹാദേവൻ എന്നീ ഗജവീരൻമാർ പങ്കെടുക്കും.