കോട്ടയം: ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ആരോപണത്തിന്റെ മുൾമുനയിൽ നിറുത്തിയ മാർക്കു ദാന വിവാദത്തോടെ കുപ്രസിദ്ധി നേടിയ എം.ജി സർവകലാശാലയിൽ പരീക്ഷ എഴുതാത്ത വിദ്യാർത്ഥി ജയിക്കുന്നു. പരീക്ഷ എഴുതിയവരിൽ ഭൂരിപക്ഷവും തോൽക്കുന്നു. മാർക്കു ദാനത്തിലൂടെ സർവകലാശാല വിജയിപ്പിച്ച വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം റദ്ദാക്കി ഡിഗ്രി സർട്ടിഫിക്കറ്റ് തിരികെ വാങ്ങാൻ മെമ്മോ നൽകുന്നു. സിൻഡിക്കേറ്റംഗം ഉത്തരക്കടലാസുകൾ പരിശോധിച്ചു വിവാദത്തിലാകുന്നു. ഗവർണർ ഇതിന്റെ റിപ്പോർട്ട് തേടുന്നു. ..
ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നെറ്റി ചുളിച്ച് ചോദിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.
പ്രൈവറ്റ് രജിസ്ടേഷൻ ഏറ്റവും കൂടുതൽ കുട്ടികൾ എഴുതിയ ബി.എ, ബി.കോം ഫലം വളരെ വൈകി പ്രസിദ്ധീകരിച്ചപ്പോൾ കൂട്ടതോൽവിയായി. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങുമെത്താതെ നിൽക്കുകയാണ്.16000 ലേറെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയെങ്കിലും 600 പേർമാത്രമാണ് ജയിച്ചത്. (നാലുശതമാനത്തിൽ താഴെ) സർവകലാശാലയുടെ ചരിത്രത്തിൽ ഇതു പോലൊരു കൂട്ടതോൽവി ഉണ്ടായിട്ടില്ല . പരാതി വ്യാപകമായതോടെയാണ് വൈസ് ചാൻസലർ റിപ്പോർട്ട് ചോദിച്ചതും അന്വേഷണം ആരംഭിച്ചതും.
2018 ഒക്ടോബറിൽ നടത്തിയ പരീക്ഷയുടെ ഫലം കഴിഞ്ഞ നവംബർ 29നാണ് പ്രസിദ്ധീകരിച്ചത്.
പത്തിൽ താഴെ മാർക്കാണ് ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും കിട്ടിയത്. പരീക്ഷ എഴുതാത്തവർ ജയിച്ചു. ഹാജരായവർ ഹാജരായില്ലെന്ന് മാർക്ക് ലിസ്റ്റ് .
പരാതി വ്യാപകമായതോടെ വിദ്യാർത്ഥികൾ ഫീസടച്ച് പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടിരിക്കുകയാണ്. പുനർമൂല്യ നിർണയത്തിന് 370 രൂപയും സൂക്ഷ്മപരിശോധനക്ക് 360 രൂപയുമാണ് ഫീസ്. കഴിഞ്ഞവർഷവും കൂട്ടതോൽവി സംഭവിച്ചതോടെ പുനർമൂല്യ നിർണയം നടത്തിയവരുടെ ഉത്തര കടലാസുകൾ കാണാനില്ലെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച അന്വേഷണം ഇപ്പോഴും നടക്കുകയാണ്. ഇത്തവണയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരകടലാസുകൾ നഷ്ടപ്പെട്ടതാണ് കൂട്ടതോൽവിക്ക് കാരണമെന്ന ആരോപണം. ശക്തമായിട്ടുണ്ട്.
പരീക്ഷ എഴുതിയവർക്ക് ആബ്സൻസ് മാർക്കു ചെയ്തതും എഴുതാത്തവർ ജയിച്ചതും പരീക്ഷാ വിഭാഗത്തെ ഞെട്ടിച്ചു. സർവകലാശാലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്ന സംശയവുമുണ്ട്. അദ്ധ്യാപകരുടെ വീഴ്ചയാണോ? പരിശോധിച്ച ഉത്തരക്കടലാസുകൾ സർവകലാശാലയിൽ എത്തിയോ? ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടോ? ഉത്തരക്കടലാസുകൾ പരിശോധിച്ച ശേഷം അനന്തര നടപടികൾക്കിടെ വീഴ്ച സംഭവിച്ചതാണോ? തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
എം.ജി സർവകലാശാലാ പ്രൈവറ്റ് ബിഎ ,ബി.കോം പരീക്ഷ ഒന്നും രണ്ടും സെമസ്റ്ററുകളിലെ കൂട്ടതോൽവിയെക്കുറിച്ച് അന്വേഷണം തുടങ്ങി. വീഴ്ചയെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ കൺട്രോളറും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. അപേക്ഷിക്കുന്നവരുടെ ഉത്തരക്കടലാസുകൾ വീണ്ടും മൂല്യ നിർണയം നടത്തും.
ഡോ.സാബു തോമസ്
(വൈസ് ചാൻസലർ)