കോട്ടയം: കേരളത്തെ മുക്കിയ രണ്ടാം പ്രളയം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ചെങ്ങളം നിവാസികൾക്ക് നഷ്‌ടപരിഹാരം ലഭിച്ചില്ല. തിരുവാർപ്പ് പഞ്ചായത്തിലെ രണ്ടു വില്ലേജുകളിലെ സാധാരണക്കാരായ കുടുംബങ്ങൾക്കാണ് ദുരിതാശ്വാസ സഹായം ഇതുവരെയും ലഭിക്കാത്തത്. ദുരിതബാധിതരായ അഞ്ഞൂറിലേറെ കുടുംബങ്ങളുള്ള ഈ പ്രദേശത്ത് നൂറിൽ താഴെ ആളുകൾക്ക് മാത്രമാണ് ഇപ്പോഴും ദുരിതാശ്വാസ സഹായം ലഭിച്ചിരിക്കുന്നത്.
2018 ലുണ്ടായ പ്രളയത്തിലെ സഹായം പോലും മുഴുവൻ ആളുകൾക്കും ഇതുവരെ പഞ്ചായത്തിൽ വിതരണം ചെയ്‌തിട്ടില്ല. ഇതിനിടെയാണ് ഈ വർഷം പ്രളയമുണ്ടായത്. ഈ പ്രളയത്തിൽ പഞ്ചായത്തിലെ ചെങ്ങളം കുന്നുംപുറം, കിളിരൂർ കുന്നുമ്പുറം പ്രദേശങ്ങളിൽ മാത്രമാണ് വെള്ളം കയറാതിരുന്നത്. പ്രദേശത്ത് മിക്ക കോളനികളും വെള്ളത്തിൽ മുങ്ങിയിരുന്നു. ഈ കോളനികളിലെ താമസിക്കാരിൽ പലരും ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. എന്നാൽ, ഈ ദുരിതാശ്വാസ ക്യാമ്പുകളിൽ പോകാതിരുന്ന പലർക്കും ഇതുവരെയും ദുരിതാശ്വാസ സഹായം ലഭിച്ചിട്ടില്ല. ആദ്യ ഗഡുവായ പതിനായിരം രൂപ പലർക്കും ലഭിച്ചെങ്കിലും ബാക്കിയുള്ള തുകയും, നഷ്‌ടപരിഹാര തുകയും ഇതുവരെയും ലഭിച്ചിട്ടില്ല.
പ്രതിഷേധം ഉയർത്തും
സാധാരണക്കാർക്ക് സഹായം നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിഷേധം ഉയർത്തും. പ്രളയത്തിൽ ദുരിതം അനുഭവിച്ചവരിൽ പലരും കൂലിപ്പിണിക്കാരാണ്. അന്നന്നത്തെ ജോലികളിലൂടെയാണ് ഇവർ കുടുംബം പുലർത്തുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം.
റൂബി ചാക്കോ
മണ്ഡലം പ്രസിഡന്റ്
കോൺഗ്രസ്