കുമാരനല്ലൂർ: കുമാരനല്ലൂർ തൃക്കാർത്തിക പ്രഭയിൽ. പുലർച്ചെ ആയിരങ്ങൾ കാർത്തിക തൊഴുതു സായൂജ്യമടഞ്ഞു. ദേവിയുടെ ആട്ടപ്പിറന്നാളായ വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ പുലർച്ചെയുളള ദർശനം വളരെ പ്രധാനമാണെന്നാണു വിശ്വാസം.

ഇന്നലെ രാത്രി മുതൽ കുമാരനല്ലൂർ ജനസാഗരമായിരുന്നു. ദേവീക്ഷേത്രത്തിന്റെ പരിധിയിൽപ്പെട്ട ഏഴരക്കരകളിലും തൃക്കാർത്തിക മഹോത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പുലർച്ചെ മൂന്നോടെ തൃക്കാർത്തിക ദർശനം ആരംഭിച്ചു. ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ദേവിയെ തൊഴുതു പ്രാർഥിച്ചു മടങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു വിശ്വാസികൾ.
ഇന്ന് വൈകിട്ട് ക്ഷേത്രങ്ങളിലും വീടുകളിലും മൺചിരാതിൽ കാർത്തിക വിളക്ക് തെളിയും. നിറദീപങ്ങൾ തെളിയ്ക്കുന്നതിനായി പതിനായിരക്കണക്കിന് മൺ ചെരാതുകൾ തയ്യാറായി. തൃക്കാർത്തിക മഹാപ്രസാദമൂട്ടിനും പതിനായിങ്ങൾ പങ്കെടുക്കും. നൂറുകണക്കിന് ഭക്തരാണ് ഇന്നലെ പ്രസാദമൂട്ടിന് വിഭവങ്ങൾ തയ്യാറാക്കിയത്. രാവിലെ ഒമ്പതിന് പ്രസാദമൂട്ട് ആരംഭിക്കും.
തൃക്കാർത്തിക ദിവസം തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജ നടക്കുന്നത് തെക്കേ ഗോപുരത്തിനുള്ളിലാണ്. കുമാരനല്ലൂർ ക്ഷേത്രത്തിൽ ദേവിയുടെ എഴുന്നള്ളത്തു കാണാൻ വടക്കുന്നാഥൻ തൃക്കാർത്തിക നാളിൽ ഗോപുരത്തിന് മുകളിലിരിക്കുമെന്നാണ് വിശ്വാസം.

ക്ഷേത്രത്തിൽ ഇന്ന്

രാവിലെ ആറിന് കടവിലേയ്ക്ക് എഴുന്നള്ളിപ്പ്. 8.15ന് തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്,​ വൈകിട്ട് 5.30ന് ദേശവിളക്ക് എഴുന്നള്ളിപ്പ്,​ തുടർന്ന് സേവ.രാത്രി എട്ടിന് വേല-വിളക്ക്,​ രാത്രി 11ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.