പാലാ: ജനറൽ ആശുപത്രിക്ക് കെ.എം.മാണിയുടെ പേരിടാനുള്ള തീരുമാനത്തിൽ ആരാണാദ്യം എന്നതിനെച്ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തെ കേരളാ കോൺഗ്രസ് ജോസ്-ജോസഫ് ഗ്രൂപ്പുകാർ തമ്മിൽ കടിപിടി. ഇതിൽ പ്രതിഷേധിച്ച് ഇടതു മുന്നണി പ്രതിനിധികളും, ബി.ജെ. പി. പ്രതിനിധിയും കൗൺസിൽ യോഗം ബഹിഷ്‌ക്കരിച്ചു. ജോസ് പക്ഷത്തെ 11 കൗൺസിലർമാർ ചേർന്ന് രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ ജനറൽ ആശുപത്രിയുടെ പേരിടീൽ വിവാദം ചർച്ച ചെയ്യുന്നതിന് അടിയന്തിര കൗൺസിൽ യോഗം വിളിച്ചത്. ജനറൽ ആശുപത്രിക്ക് പ്രൊഫ. കെ.എം. ചാണ്ടിയുടെ പേരിടുന്നതിന് ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചതിനു പിന്നിൽ നഗരസഭാ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവനാണെന്ന ആരോപണവുമായി ചർച്ച തുടങ്ങി വെച്ചത് ജോസ് പക്ഷത്തെ ബിജു പാലൂപ്പടവിലാണ്. മുൻ ചെയർപേഴ്‌സൺമാരായ ബിജി ജോജോ, ലീനാ സണ്ണി, അഡ്വ. ബെറ്റി ഷാജു എന്നിവരും പടവനെതിരെ ആരോപണമുന്നയിച്ചു. വെറുതെ കുറ്റം പടവന്റെ തലയിൽ ചാർത്തേണ്ടെന്ന വാദവുമായി ടോണി തോട്ടവും എഴുന്നേറ്റതോടെ രൂക്ഷമായ വാഗ്വാദത്തിന് തുടക്കമായി. വിഷയത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്നും തമ്മിലടിക്ക് കൂട്ടു നിൽക്കേണ്ട ഗതികേട് തങ്ങൾക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷാംഗങ്ങൾ യോഗം ബഹിഷ്കരിക്കുകയായിരുന്നു.

ഇതിനിടെ കുര്യാക്കോസ് പടവൻ പരസ്യമായി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഭരണ പക്ഷാംഗങ്ങൾ സഭയിൽ പ്ലക്കാർഡുമുയർത്തി. ജനറൽ ആശുപത്രിക്ക് പ്രൊഫ. കെ.എം.ചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസ് ബ്ലോക്കുപ്രസിഡന്റുകൂടിയായ പ്രൊഫ. സതീഷ് ചൊള്ളാനിയും ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ചതിന് കഴിഞ്ഞ കൗൺസിലിൽ പറഞ്ഞിന് കുറെ പഴി കേട്ടതായി കോൺഗ്രസ് പ്രതിനിധി മിനി പ്രിൻസ് പറഞ്ഞു. താൻ ജോസഫ് ഗ്രൂപ്പിൽ പോയിട്ടില്ലെന്നും അങ്ങിനെയൊരു തെറ്റിധാരണ ആർക്കും വേണ്ടെന്നും പറഞ്ഞ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവൻ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേരേ ഇടാവൂ എന്ന് ആവർത്തിച്ചാവശ്യപ്പെട്ടു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു. സി. മാത്യൂ, ആർ. എം. ഒ. ഡോ. അനീഷ് കെ. ഭദ്രൻ എന്നിവരെക്കൂടി കൗൺസിൽ യോഗത്തിലേക്കു വിളിച്ചു വരുത്തി അവരുടെ മുന്നിലായിരുന്നൂ ഭരണപക്ഷത്തിന്റെ തമ്മിലടി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ കോൺഗ്രസ് കൗൺസിലർ

പാലാ: കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ നഗരസഭാ കൗൺസിലർ പ്രൊഫ. സതീഷ് ചൊള്ളാനി തികഞ്ഞ അഭിനയ പ്രതിഭയെന്ന് കോൺഗ്രസ് അംഗം കൂടിയായ കൗൺസിലർ മിനി പ്രിൻസ് കൗൺസിൽ യോഗത്തിൽ പരിഹസിച്ചു. കൗൺസിൽ യോഗത്തിൽ മൃഗീയ ഭൂരിപക്ഷമുള്ള കേരളാ കോൺഗ്രസിന്റെ അഹങ്കാരമാണ് പേരീടീൽ വിഷയം വിവാദമാകാൻ കാരണമെന്നും മിനി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ സംസ്‌ക്കാരം ഈ വ്യക്തിഹത്യയും വിഴുപ്പലക്കലുമല്ലെന്നായിരുന്നു പ്രൊഫ. സതീഷ് ചൊള്ളാനിയുടെ മറുപടി.